മാഡ്രിഡ്: ഇതുപോലൊരു തോല്‍വി ബാഴ്‌സലോണ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. റയല്‍ മാഡ്രിഡാകട്ടെ ഇരട്ടക്കിരീടങ്ങളുമായി ലാ ലിഗ പുതിയ സീസണിന് തുടക്കം കുറിക്കുകയും ചെയ്തു. റയലിന്റെ തട്ടകമായ സാന്റിയാഗൊ ബെര്‍ണാവ്യൂവില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സലോണയെ ചിത്രത്തിലേ ഇല്ലാതാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം നേടി.
രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോള്‍ നേടിയ സിദാന്റെ സംഘം ഇരുപാദങ്ങളിലുമായി 5-1നാണ് കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞാഴ്ച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പും റയല്‍ നേടിയിരുന്നു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണോള്‍ഡോയുടെ അഭാവത്തിലാണ് റയല്‍ കളത്തിലിറങ്ങിയത്. എന്നാല്‍ അത് റയലിന്റെ കളിയില്‍ എവിടെയും നിഴലിച്ചു നിന്നില്ല. 3-1ന്റെ ആദ്യ പാദ ലീഡുമായി കളത്തിലിറങ്ങിയ റയല്‍ നാലാം മിനിറ്റില്‍ തന്നെ ബാഴ്‌സയെ ഞെട്ടിച്ചു. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് അസന്‍സിയോ തൊടുത്ത ഇടങ്കലാന്‍ ഷോട്ട് ബാഴ്‌സ ഗോളിയെ മറികടന്ന് വലയിലെത്തി. ആദ്യ പാദത്തിലും അസന്‍സിയോ ഗോള്‍ നേടിയിരുന്നു.
പിന്നീട് ബെന്‍സീമയുടെ ഊഴമായിരുന്നു. 39-ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്നും മാര്‍സേലോ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോള്‍ പിറന്നത്. ക്രോസ് സ്വീകരിച്ച ബെന്‍സീമ മികച്ച ഫിനിഷിങ്ങിലൂടെ പന്ത് ഗോള്‍ വലയുടെ വലതു മൂലയില്‍ എത്തിച്ചു.
രണ്ടാം പകുതിയില്‍ മികച്ച തുടക്കം ബാഴ്‌സയ്ക്ക് ലഭിച്ചെങ്കിലും 52-ാം മിനിറ്റില്‍ പരിക്കേറ്റ് പിക്വെ ഗ്രൗണ്ട് വിട്ടത് തിരിച്ചടിയായി. അതിനിടയില്‍ മെസ്സിക്ക് കിട്ടിയ അവസരം ക്രോസ് ബാറില്‍ തട്ടി മടങ്ങി. എഴുപതാം മിനിറ്റില്‍ ബാഴ്‌സക്ക് വീണ്ടും അവസരം ലഭിച്ചു. മെസ്സിയുടെ ഷോട്ട് കെയ്‌ലര്‍ നവാസ് രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് വന്ന പന്ത് സുവാരസ് ഹെഡ്ഡ് ചെയ്തു. എന്നാല്‍ പോസ്റ്റില്‍ തട്ടി മടങ്ങാനായിരുന്നു വിധി.
Both goals thats are giving Real Madrid a 2-0 lead at half time. Is this the start of Real dominance in la liga? #RMAFCBpic.twitter.com/jGrUFV7cdF
— EverythingFootball (@footbalIll) August 16, 2017