യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ നാണംകെട്ട തോല്‍വിക്കുശേഷം സ്പാനിഷ് ലാ ലീഗ് ടീം റയല്‍ മാഡ്രിഡില്‍ അടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും ക്ലബ് പ്രസിഡന്റ് ഫിയോറന്റീന പെരസുമാണ് പരസ്യമായി കൊമ്പുകോര്‍ത്തിരിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനോട് ഒന്നിനെതിരേ നാലു ഗോളിന് തോറ്റതിനുശേഷം ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയ പെരസ് ക്യാപ്റ്റന്‍ റാമോസിനെ പരസ്യമായി ശകാരിച്ചതായാണ് റിപ്പോര്‍ട്ട്. ടീം മോശപ്പെട്ട ഫോം തുടരുകയാണെങ്കില്‍ പുറത്താക്കുമെന്നായിരുന്നു ടീമംഗങ്ങളുടെ മുന്നില്‍ വച്ച് പെരസ് റാമോസിനോട് പറഞ്ഞത്.
എന്നാല്‍, വിട്ടുകൊടുക്കാന്‍ റാമോസും തയ്യാറായിരുന്നില്ല. വേതന കുടിശ്ശിക മുഴുവന്‍ തീര്‍ത്താല്‍ ക്ലബ് വിട്ടുപോകുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നാണ് റാമോസ് തിരിച്ചടിച്ചത്. ആസൂത്രണത്തിന്റെ അഭാവമാണ് ടീമിന്റെ തോല്‍വിക്ക് വഴിവച്ചതെന്നും റാമോസ് പറഞ്ഞതായി സ്പാനിഷ് പത്രങ്ങളായ എ.എസ്, മാര്‍ക്ക, എല്‍ പൈസ്, എ.ബി.സി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, തര്‍ക്കത്തെക്കുറിച്ച് ക്ലബോ റാമോസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കോച്ച് സാന്റിയാഗോ സോളാരിയുമായും പെരസ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്ന് വാര്‍ത്തയുണ്ട്. സോളാരിയോട് പെരസ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സോളാരി വിസമ്മതിച്ചതായാണ് വിവരം.
2005 മുതല്‍ റയലില്‍ കളിക്കുന്ന റാമോസിന്റെ കരാര്‍ 2021ല്‍ മാത്രമേ അവസാനിക്കൂ.
റയലിനെ സംബന്ധിച്ചിടത്തോളം ദുരന്തപൂര്‍ണമായ ഒരു സീസണായിരുന്നു ഇത്. തുടര്‍ച്ചയായ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങി പ്രീക്വാര്‍ട്ടറില്‍ തന്നെ അടിതെറ്റിയതാണ് ഏറ്റവും വലിയ വീഴ്ച. ഇതിന് പുറമെ ലാ ലീഗയിലും കോപ്പ ഡെല്‍ റേയിലും ബാഴ്‌സയോട് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
Content Highlights: Real Madrid Uefa Champions League Sergio Ramos Florentino Perez