മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ഇത്തവണത്തെ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് തോല്‍വി. റയല്‍ ബെറ്റിസാണ് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയലിനെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നാണംകെടുത്തിയത്. ഈ സീസണിലെ റയലിന്റെ 12-ാം തോല്‍വിയാണിത്. തോല്‍വിയോടെ സമീപകാലത്തെ ഏറ്റവും മോശം സീസണിന് റയല്‍ അവസാനം കുറിച്ചു.
റയലിന്റെ മൈതാനത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ആതിഥേയരുടെ ഹൃദയം തകര്‍ത്ത രണ്ടു ഗോളുകളും പിറന്നത്. 61-ാം മിനിറ്റില്‍ ലോറന്‍ മൊറോണും 75-ാം മിനിറ്റില്‍ ഹെസെയുമാണ് ബെറ്റിസിനായി വലകുലുക്കിയത്. കെയ്ലര്‍ നവാസിന്റെ മികച്ച സേവുകളാണ് റയലിനെ കൂടുതല്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. തോല്‍വിയോടെ ഈ സീസണില്‍ മൂന്നാമതായാണ് റയല്‍ ഫിനിഷ് ചെയ്തത്.
38 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റുകള്‍ നേടിയ ബാഴ്‌സലോണ നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നു. രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 76 പോയിന്റും മൂന്നാമതുള്ള റയലിന് 68 പോയിന്റുമുണ്ട്. 2001- 02 സീസണിനു ശേഷം ഇതാദ്യമായാണ് റയല്‍ 70-ല്‍ താഴെ പോയന്റില്‍ ഒതുങ്ങുന്നത്. ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടമണിഞ്ഞ ടീമിനാണ് ഈ വിധി. പരിശീലകരുടെ മാറ്റവും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമെല്ലാം റയലിന് തിരിച്ചടിയായി.
മെസ്സിക്ക് ഇരട്ട ഗോള്‍, ബാഴ്സയെ തളച്ച് ഐബര്‍
റയല്‍ പരാജയമറിഞ്ഞപ്പോള്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ബാഴ്സലോണക്ക് സമനില. ഐബറാണ് ബാഴ്‌സയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. അടുത്തടുത്ത മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത ലയണല്‍ മെസ്സിയാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. 31, 32 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍.
കിരീടമുറപ്പിച്ചിരുന്ന ബാഴ്‌സ പരിക്കേറ്റ ഡെംബലെ, സുവാരസ്, കുടീഞ്ഞ്യോ എന്നിവരില്ലാതെയാണ് കളത്തിലിറങ്ങിയത്. 20-ാം മിനിറ്റില്‍ മാര്‍ക്ക് കുക്കുറെല്ലയിലൂടെ ഐബറാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ട് മുമ്പ് പാബ്ലോ ഡി ബ്ലാസിസിലൂടെ ഐബര്‍ സമനില പിടിക്കുകയും ചെയ്തു. ലീഗില്‍ 36 ഗോളുകളോടെ ലയണല്‍ മെസ്സി ടോപ് സ്‌കോറര്‍ പുരസ്‌കാരം സ്വന്തമാക്കി.