മാഡ്രിഡ്: കരിം ബെന്‍സെമയുടെ അവസാന നിമിഷ ഗോളില്‍ റയല്‍ മാഡ്രിഡിന് ജയം. സ്പാനിഷ് ലാ ലീഗയില്‍ ഈ സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന സോസിഡാഡ് ഡീപ്പോര്‍ട്ടീവ വെസ്‌ക്കയ്‌ക്കെതിരേ രണ്ടിനെതിരേ മൂന്ന് ഗോളിന് കഷ്ടിച്ച് തടിതപ്പുകയായിരുന്നു മുന്‍ ചാമ്പ്യന്മാര്‍. കഴിഞ്ഞ തവണ രണ്ടാം ഡിവിഷനില്‍ രണ്ടാം സ്ഥാനക്കാരായി ലാ ലീഗയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച വെസ്‌ക്ക ഇപ്പോള്‍ പോയിന്റ് നിലയില്‍ ഏറ്റവും അവസാനക്കാരാണ്.
മൂന്നാം മിനിറ്റില്‍ തന്നെ റയൽ കോച്ച് സിദാന്റെ മകൻ ലൂക്ക സിദാനെ തോൽപിച്ച് യുവാന്‍ കാമിലോ ഹെര്‍ണാണ്ടസ് ഹെസ്‌ക്കയെ മുന്നിലെത്തിച്ചു. 25-ാം മിനിറ്റില്‍ ഇസ്‌ക്കോ റയലിനെ ഒപ്പമെത്തിച്ചു. 62-ാം മിനിറ്റില്‍ സെബല്ലോസിന്റെ ഗോളില്‍ റയല്‍ മുന്നിലെത്തിയെങ്കിലും 74-ാം മിനിറ്റില്‍ എറ്റ്‌സെയ്റ്റ വെസ്‌ക്കയെ ഒപ്പമെത്തിച്ചു. 89-ാം മിനിറ്റിലായിരുന്നു ബെന്‍സെമയുടെ വിജയഗോള്‍.
മാര്‍ച്ച് പതിനൊന്നിന് സിനദിന്‍ സിദാന്‍ വീണ്ടും മാനേജരായി ചുമതലയേറ്റശേഷമുള്ള റയലിന്റെ രണ്ടാം ജയമാണിത്. ലാ ലീഗയില്‍ ഒന്‍പത് മത്സരങ്ങള്‍ കൂടി ശേഷിക്കെ 57 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ പന്ത്രണ്ട് പോയിന്റ് പിറകിലാണവര്‍. 59 പോയിന്റുള്ള അത്‌ലറ്റിക്കോയാണ് രണ്ടാം സ്ഥാനത്ത്.
സെവിയ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച വലെന്‍സിയ ആറാം സ്ഥാനത്തേയ്ക്ക് കയറി. 29 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റുണ്ട് അവര്‍ക്ക്. 43 പോയിന്റുള്ള സെവിയ്യ ഏഴാം സ്ഥാനത്തായി. ലെവന്റെയെ സമനിലയില്‍ തളച്ച ഐബര്‍ 36 പോയിന്റുമായി പതിനൊന്നാം സ്ഥാനത്തേയ്ക്ക് കയറി. സ്‌കോര്‍: 2-2.
മറ്റു മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് റയോ വല്ലെസാനോയെയും (1-1) റയല്‍ സോസിദാദ് റയല്‍ വല്ലഡോലിഡിനെയും (1-1) സമനിലയില്‍ തളച്ചു.
Content Highlights: Real Madrid Karim Benzema La Liga Zinedine Zidane