മാഡ്രിഡ്: ലാ ലിഗയില്‍ സ്വന്തം തട്ടകത്തിൽ റയല്‍ മാഡ്രിഡിന് സമനില. ഈ സീസണിലെ രണ്ടാം മത്സരത്തില്‍ റയല്‍ വല്ലാഡോയ്ഡ് ആണ് റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
ഗരെത് ബെയ്ല്‍, ഹാമിഷ് റോഡ്രിഗസ് എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് സിദാന്‍ ടീമിനെ കളത്തിലറക്കിയത്. ആദ്യ ഗോളിനായി 82-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. റാഫേല്‍ വരാനെയുടെ പാസില്‍ നിന്ന് കരീം ബെന്‍സിമയാണ് ലക്ഷ്യം കണ്ടത്.
റയല്‍ വിജയം പ്രതീക്ഷിച്ച് നില്‍ക്കെ വല്ലാഡോയിഡ് സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. 88-ാം മിനിറ്റില്‍ സെര്‍ജിയോ ഗാര്‍ഡിയോള നവാറോ ലക്ഷ്യം കണ്ടു. ഇതോടെ മത്സരം സമനിലയിലായി.
മറ്റു മത്സരങ്ങളില്‍ സെല്‍റ്റ വിഗോ വലന്‍സിയയെ തോല്‍പ്പിച്ചപ്പോള്‍ ഒസാസുനയും എയ്ബറും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഗറ്റാഫേയും അത്‌ലറ്റിക്കോ ബില്‍ബാവോയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കളിയവസാനിപ്പിച്ചു.
Content Highlights: Real Madrid Held to Draw by Real Valladolid