മാഡ്രിഡ്: ലാ ലിഗയില്‍ വീണ്ടും തോല്‍വിയേറ്റുവാങ്ങി റയല്‍ മാഡ്രിഡ്. റയല്‍ സൊസിഡാഡാണ് ലീഗിലെ 37-ാം മത്സരത്തില്‍ റയലിനെ നാണംകെടുത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു മുന്‍ ജേതാക്കളുടെ തോല്‍വി.
സൊസിഡാഡിന്റെ മൈതാനത്ത് ആറാം മിനിറ്റില്‍ തന്നെ ബ്രാഹിം ദിയാസിലൂടെ മൂന്നിലെത്തിയത് റയലായിരുന്നു. എന്നാല്‍ 26-ാം മിനിറ്റില്‍ മിഖേല്‍ മെറിനോ നേടിയ ഗോളിലൂടെ സമനില പിടിച്ച സൊസിഡാഡ് 57-ാം മിനിറ്റില്‍ ജൊസെബ സലുദയും 67-ാം മിനിറ്റില്‍ ആന്‍ഡര്‍ ബരനെക്‌സയും നേടിയ ഗോളുകളിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഇതിനിടെ 39-ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് പന്ത് കൈ കൊണ്ട് തൊട്ടതിന് റയല്‍ താരം ജീസസ് വല്ലേഹോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ശേഷിച്ച 50 മിനിറ്റോളം 10 പേരുമായാണ് റയല്‍ കളിച്ചത്. എന്നാല്‍ ഇതിനു ലഭിച്ച പെനാല്‍റ്റിയെടുത്ത വില്ലിയന്‍ ജോസിന്റെ കിക്ക് ഗോളി തിബൗട്ട് കുര്‍ട്ടോയ്‌സ് രക്ഷപ്പെടുത്തുകയായിരുന്നു.
ലീഗില്‍ 37 മത്സരങ്ങളില്‍ നിന്ന് റയലിന്റെ 11-ാം തോല്‍വിയാണിത്. 68 പോയന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡിനും താഴെ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ റയല്‍.
Content Highlights: real madrid embarrassed by real sociedad in la liga defeat