മാഞ്ചെസ്റ്റര്‍: കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ യുക്രൈന്‍ ക്ലബ്ബ് ഷക്തറിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ആറു ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. സ്വന്തം മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും റഫറിയുടെ ഒരു വിവാദ തീരുമാനം മത്സരത്തിന്റെ നിറം കെടുത്തി.
ചാമ്പ്യന്‍സ് ലീഗിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ റഫറിയുടെ ഒരു മണ്ടന്‍ തീരുമാനം ഈ മത്സരത്തിലുണ്ടായി. 13-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ ഗോളില്‍ സിറ്റി ലീഡ് ചെയ്യുകയായിരുന്നു. 24-ാം മിനിറ്റില്‍ ഷക്തര്‍ ബോക്‌സിലേക്ക് പന്തുമായി റഹീം സ്റ്റെര്‍ലിങ്ങിന്റെ മുന്നേറ്റം. ഗോളിയെ കബളിപ്പിച്ച് പന്ത് പ്ലെയ്‌സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റെര്‍ലിങ്, ബോക്‌സില്‍ ബൂട്ട് പുല്ലില്‍ തടഞ്ഞ് വീണു.
സ്റ്റെര്‍ലിങ്ങിന്റെ പിന്നാലെയുണ്ടായിരുന്ന ഷക്തര്‍ താരം മയ്‌കോള മാറ്റ്‌വിയങ്കോ ഫൗള്‍ ചെയ്തതാണെന്നു കരുതി റഫറി വിക്ടര്‍ കസായി ഉടന്‍ തന്നെ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. എന്നാല്‍ മാറ്റ്‌വിയങ്കോ സ്റ്റെര്‍ലിങ്ങിന്റെ ദേഹത്ത് തട്ടുക പോലും ഉണ്ടായിരുന്നില്ല.
പെനാല്‍റ്റി വിധിച്ചതിനെതിരേ ഷക്തര്‍ താരങ്ങള്‍ ശക്തമായി വാദിച്ചെങ്കിലും റഫറി തീരുമാനം മാറ്റാന്‍ തയ്യാറായില്ല. എന്തിന് സ്റ്റെര്‍ലിങ് പോലും പെനാല്‍റ്റിക്കായി വാദിച്ചിരുന്നില്ല. റഫറിയോടെ സത്യം പറയാന്‍ അദ്ദേഹം തയ്യാറായതുമില്ല. കിക്കെടുത്ത ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസ്, പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
മണ്ടന്‍ തീരുമാനത്തിന്റെ പേരില്‍ റഫറിക്കെതിരെയും സത്യം തുറന്നു പറയാത്തതിന്റെ പേരില്‍ സ്റ്റെര്‍ലിങ്ങിനെതിരെയും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
Content Highlights: Raheem Sterling penalty Worst penalty decision ever