പാരിസ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോട് തോറ്റതും മത്സരത്തിനിടയില്‍ സെര്‍ജിയോ റാമോസ് ലയണല്‍ മെസ്സിയെ പരിഹസിച്ചതും ബാഴ്‌സ ആരാധകര്‍ ക്ഷമിച്ചേക്കാം. എന്നാല്‍ പി.എസ്.ജിയുടെ ട്രോള്‍ അവരുടെ ചങ്കിലാണ് കൊണ്ടിരിക്കുന്നത്. മുന്‍ ബാഴ്‌സ താരമായിരുന്ന നെയ്മറിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് പി.എസ്.ജി ബാഴ്‌സയെ കളിയാക്കിയത്.
ഈ അടുത്ത് ബാഴ്‌സയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ്ബിലെത്തിയ നെയ്മര്‍ പരിശീലനത്തിനിടയില്‍ ചിരിക്കുന്ന ചിത്രമാണ് പി.എസ്.ജി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്. ഒപ്പം ചിരിക്കുന്ന ഒരു ഇമോജിയുമുണ്ട്.
ട്വീറ്റിന് മറുപടിയായി ബാഴ്സ ആരാധകര്‍ പി.എസ്.ജിയെ 6-1ന് തോല്‍പ്പിച്ചതിന്റെ ചിത്രം പോസ്റ്റ് ചെയ്തു. എന്നാല്‍ അതിനു താഴെ ബാഴ്‌സക്ക് പി.എസ്.ജിയോടേറ്റ തോല്‍വിയുടെ കണക്കുകളും ഫ്രഞ്ച് ക്ലബ്ബിന്റെ ആരാധകര്‍ നിരത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പി.എസ്.ജിക്ക് വേണ്ടി ആദ്യ മത്സരം കളിച്ച നെയ്മര്‍ മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. അതേസമയം നെയ്മര്‍ ടീം വിട്ടശേഷം നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനെതിരായ രണ്ട് പാദങ്ങളിലും ബാഴ്‌സ തോറ്റു.