പാരീസ്: ഇങ്ങനെ വിലക്കപ്പെട്ടാല്‍ നെയ്മര്‍ എങ്ങനെ ഫുട്ബോള്‍ കളിക്കും. റെക്കോഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. കൊണ്ടുവന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നഷ്ടക്കച്ചവടമാവുകയാണോ? കാണിയെ തല്ലിയതിനാണ് ഒടുവിലത്തെ നടപടി. നെയ്മര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായി ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. മൊത്തം അഞ്ച് കളികളില്‍ വിലക്കിയെങ്കിലും രണ്ട് കളികളിലെ വിലക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെനെയോടേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു നെയ്മറുടെ രോഷപ്രകടനം. റണ്ണേഴ്സപ്പ് മെഡല്‍ വാങ്ങാന്‍ പോകുന്നവഴി ഗാലറിയിലെ ആരാധകന്‍ നെയ്മറെ കളിയാക്കി. ഉടനെ താരം അയാളുടെ മുഖത്തിടിക്കുകയായിരുന്നു. വിലക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. ലീഗ് വണ്ണില്‍ ശനിയാഴ്ച ആംഗേഴ്സിനെതിരായ മത്സരം നെയ്മര്‍ക്ക് കളിക്കാം. ലീഗില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടുത്ത സീസണിലെ ആദ്യമത്സരവും നഷ്ടമാവും. അതേസമയം, വിലക്ക് കടുത്ത നടപടിയായെന്നും അതിനെതിരേ അപ്പീല്‍നല്‍കുമെന്നും പി.എസ്.ജി. അറിയിച്ചു.
അടുത്ത സീസണിലെ മൂന്ന് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍നിന്ന് നെയ്മറെ നേരത്തേ വിലക്കിയിരുന്നു. ക്വാര്‍ട്ടര്‍ഫൈനലിലെ തോല്‍വിയെത്തുടര്‍ന്ന് മാച്ച് ഒഫീഷ്യല്‍സിനെ നിശിതമായി വിമര്‍ശിച്ചതിനാണ് ആ വിലക്ക്. പരിക്കുകാരണം ആ മത്സരം നെയ്മര്‍ കളിച്ചിരുന്നില്ല.
Content Highlights: PSG striker Neymar handed three match ban after clash with fan