പാരീസ്: ഫ്രഞ്ച് കപ്പ് ഫൈനലില്‍ മാരകമായ ടാക്ലിങ് നടത്തിയ പി.എസ്.ജി. താരം കൈലിയന്‍ എംബാപ്പെയ്ക്ക് മൂന്ന് കളികളില്‍ വിലക്ക്. റെനെയ്‌ക്കെതിരായ മത്സരത്തിലായിരുന്നു എംബാപ്പെയുടെ ടാക്ലിങ്. ഡിഫന്‍ഡര്‍ ഡാമിയന്‍ ഡാ സില്‍വയുടെ മുട്ടില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് റഫറി എംബാപ്പെയ്ക്ക് ചുവപ്പുകാര്‍ഡ് നല്‍കിയിരുന്നു.
അതേമത്സരത്തില്‍ ആരാധകന്റെ മുഖത്തടിച്ച പി.എസ്.ജി.യുടെ ബ്രീസിലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക നടപടിയാരംഭിച്ചു. പി.എസ്.ജി.യുടെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ തോല്‍വിയെത്തുടര്‍ന്ന് റഫറിയെ അധിക്ഷേപിച്ചതിന് നെയ്മര്‍ക്ക് മൂന്ന് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍നിന്ന് അടുത്തിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ബ്രസീല്‍ താരത്തിന് അടുത്ത വിലക്കിന് അരങ്ങൊരുങ്ങുന്നത്.
എന്നാല്‍, ആരാധകന്‍ പി.എസ്.ജി.യുടെ നിരവധിതാരങ്ങളെ അധിക്ഷേപിച്ചതായി ഓണ്‍ലൈന്‍ വീഡിയോയില്‍ വ്യക്തമാണ്. റണ്ണേഴ്സപ്പ് മെഡല്‍ സ്വീകരിക്കാന്‍ താരങ്ങള്‍ വരുമ്പോഴായിരുന്നു ആരാധകന്റെ അധിക്ഷേപം. 'ഫുട്ബോള്‍ എങ്ങനെ കളിക്കണമെന്ന് പോയി പഠിച്ചിട്ട് വാ' എന്നായിരുന്നു നെയ്മറോട് പറഞ്ഞത്. അതോടെയാണ് താരത്തിന്റെ നിയന്ത്രണം വിട്ടത്.
Content Highlights: PSG striker Kylian Mbappe slapped with three match ban