ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ന്യൂ ക്യാമ്പില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ച് ടോട്ടന്‍ഹാം നോക്കൗട്ടില്‍. തോറ്റാല്‍ പുറത്താകുമെന്ന ഘട്ടത്തില്‍ 85-ാം മിനിറ്റില്‍ ലൂക്കാസ് മോറയുടെ ഗോളിലാണ് ടോട്ടന്‍ഹാം സ്പാനിഷ് വമ്പന്മാരെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചത്.
ഇതോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിയ ടോട്ടന്‍ഹാം നോക്കൗട്ടില്‍ കടക്കുകയായിരുന്നു. ടോട്ടന്‍ഹാമിന്റെ മുന്നേറ്റത്തോടെ ഇന്റര്‍ മിലാന്‍ നോക്കൗട്ട് കാണാതെ പുറത്തായി. ഏഴാം മിനിറ്റില്‍ ഡെംബലെയുടെ ഗോളിലാണ് ബാഴ്‌സ മുന്നിലെത്തിയത്.
ഗോള്‍ തിരിച്ചടിക്കാനുള്ള ടോട്ടനത്തിന്റെ ശ്രമം പലപ്പോഴും പരാജയപ്പെടുകയായിരുന്നു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചെങ്കിലും അവര്‍ക്ക് ബാഴ്‌സ പ്രതിരോധം ഭേദിക്കാനായില്ല. ഒടുവില്‍ 85-ാം മിനിറ്റില്‍ ലൂക്കാസ് മോറ ലക്ഷ്യം കണ്ടതോടെ ടോട്ടന്‍ഹാമിന് ശ്വാസം തിരികെ കിട്ടി. നേരത്തെ തന്നെ നോക്കൗട്ടില്‍ കടന്നതിനാല്‍ പിക്വെ, ടെര്‍സ്റ്റേഗന്‍ എന്നിവര്‍ക്ക് ബാഴ്‌സ കോച്ച് വിശ്രമം അനുവദിച്ചിരുന്നു. മെസ്സി 63-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി.
തുല്യ പോയിന്റുമായി അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയതായിരുന്നു ടോട്ടന്‍ഹാമും ഇന്ററും. പി.എസ്.വി ഐന്തോവനായിരുന്നു ഇന്ററിന്റെ എതിരാളി. 13-ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയിലൂടെ പി.എസ്.വിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്.
ഇന്ററിന്റെ പ്രതീക്ഷകള്‍ അവസാനിക്കാന്‍ പോകുന്നുവെന്ന ഘട്ടത്തില്‍ ക്യാപ്റ്റന്‍ മൗറോ ഇകാര്‍ഡി 73-ാം മിനിറ്റില്‍ അവരെ ഒപ്പമെത്തിച്ചു. ഈ സമയം ടോട്ടനം, ബാഴ്‌സയോട് ഒരു ഗോളിനു പിന്നിലായിരുന്നു. ഇന്റര്‍ നോക്കൗട്ടിലേക്ക് കണ്ണുംനട്ടിരിക്കവെ ടോട്ടനം സമനില നേടി, ഇതോടെ ഇന്റര്‍ പുറത്തായി.
സലായുടെ ഗോളില്‍ നാപ്പോളിയെ തകര്‍ത്ത് ചെമ്പട
ആന്‍ഫീല്‍ഡ്: നിര്‍ണായക മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയെ ഒരു ഗോളിന് മറികടന്ന് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ കടന്നു.
34-ാം മിനിറ്റില്‍ മുഹമ്മദ് സലായാണ് അവരുടെ ഗോള്‍ നേടിയത്. ജയത്തോടെ ലിവര്‍പൂളിനും നാപ്പോളിക്കും ഒമ്പത് പോയിന്റ് വീതമായി. ഗോള്‍ വ്യത്യാസവും പരസ്പരം കളിച്ചപ്പോഴുള്ള ഗോളുകളും തുല്യം. ഒടുവില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ ആനുകൂല്യത്തില്‍ ലിവര്‍പൂള്‍ നോക്കൗട്ടിലെത്തുകയായിരുന്നു.
അതേസമയം ഇന്‍ജുറി ടൈമില്‍ നാപ്പോളിയുടെ മിലിക്കിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തിയ ആലിസനാണ് ലിവര്‍പൂളിനെ രക്ഷപ്പെടുത്തിയത്.
തകര്‍പ്പന്‍ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പി.എസ്.ജി
ബെല്‍ഗ്രേഡ്: അവസാന ഗ്രൂപ്പ് മത്സരത്തില്‍ റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തി പി.എസ്.ജി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
ഒന്നിനെതിരേ നാലു ഗോള്‍കള്‍ക്കായിരുന്നു അവരുടെ ജയം. എഡിന്‍സന്‍ കവാനി (9), നെയ്മര്‍ (40), മാര്‍ക്കിന്യോസ് (74), കൈലിയന്‍ എംബാപ്പെ (90+2) എന്നിവരാണ് പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തത്. 56-ാം മിനിറ്റില്‍ മാര്‍ക്കോ ഗൊബെല്‍ജിക്കിന്റെ വകയായിരുന്നു റെഡ് സ്റ്റാറിന്റെ ഏക ഗോള്‍. വിജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി പി.എസ്.ജി ഗ്രൂപ്പില്‍ ഒന്നാമതെത്തി.
Content Highlights: psg liverpool tottenham qualify for the last 16