പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ പി.എസ്.ജി. കിരീടം തിരിച്ചുപിടിച്ചു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മൊണാക്കോയെ (7-1) തോല്‍പ്പിച്ചാണ് പാരീസ് ക്ലബ്ബ് ലീഗിലെ കിരീടമുറപ്പിച്ചത്.
ജിയോവനി ലോ സെല്‍സോ (14, 27), ഏയ്ഞ്ചല്‍ ഡി മരിയ (20, 58) എന്നിവര്‍ പി.എസ്.ജി.ക്കായി ഇരട്ടഗോള്‍ നേടി. എഡിന്‍സണ്‍ കവാനി (17), ജൂലിയന്‍ ഡ്രാക്സലര്‍ (86) എന്നിവര്‍ ഓരോ ഗോളും നേടി. റഡാമേല്‍ ഫാല്‍ക്കാവോയുടെ (76) സെല്‍ഫ്ഗോളും പാരീസ് പട്ടികയിലുണ്ട്.
റോണി ലോപസിന്റെ (38) വകയായിരുന്നു മൊണാക്കോയുടെ ഗോള്‍. അഞ്ചുകളി ബാക്കിയിരിക്കെയാണ് പി.എസ്.ജി.യുടെ കിരീടധാരണം. 33 കളിയില്‍ 87 പോയന്റാണ് ചാമ്പ്യന്‍മാരുടെ സമ്പാദ്യം. രണ്ടാമതുള്ള മൊണാക്കോയ്ക്ക് 70 പോയന്റുണ്ട്. ഇത് ഏഴാംതവണയാണ് പി.എസ്.ജി. ലീഗ് ചാമ്പ്യന്‍മാരാവുന്നത്. കഴിഞ്ഞ ആറുസീസണുകളില്‍ അഞ്ചുതവണയും കിരീടം പി.എസ്.ജി.ക്കായിരുന്നു.
ഇതുവരെ ലീഗില്‍ 25 ഗോളടിച്ച എഡിന്‍സണ്‍ കവാനിയാണ് പി.എസ്.ജി.യുടെ പോരാട്ടം നയിച്ചത്. ബ്രസീല്‍താരം നെയ്മര്‍ 19 തവണ സ്‌കോര്‍ ചെയ്തു.
Content Highlights: PSG destroy Monaco 7-1 to clinch Ligue 1 title