താരങ്ങള്‍ ഇറങ്ങിയത് കറുത്ത റിബ്ബണ്‍ ധരിച്ച്; ധനരാജിനെ ഓര്‍ത്ത് കളിക്കളം


സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കുഴഞ്ഞുവീണ് മരിച്ച ധനരാജിനെ അനുസ്മരിച്ചാണ് മലപ്പുറം കോട്ടപ്പടി മൈതാനത്തു കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ തുടങ്ങിയത്

മലപ്പുറം: ധനരാജ് സെവന്‍സില്‍ നിറഞ്ഞാടിയ കോട്ടപ്പടി മൈതാനം തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഓര്‍മയിലായിരുന്നു. കാദറലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കുഴഞ്ഞുവീണ് മരിച്ച ധനരാജിനെ അനുസ്മരിച്ചാണ് മലപ്പുറം കോട്ടപ്പടി മൈതാനത്തു കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ തുടങ്ങിയത്.

കളത്തിലിറങ്ങും മുന്‍പ് ഒരു മിനിറ്റ് മൗനപ്രാര്‍ഥന നടത്തി. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, എഫ്.സി. പെരിന്തല്‍മണ്ണ, അല്‍ മദീന ചെര്‍പ്പുള്ളശ്ശേരി, ജിംഖാന തൃശ്ശൂര്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി ധനരാജ് കോട്ടപ്പടി മൈതാനത്ത് ജേഴ്സിയണിഞ്ഞിരുന്നു.

കളിക്കാരെല്ലാം ആദരസൂചകമായി കറുത്ത റിബ്ബണ്‍ ധരിച്ചാണ് ഇറങ്ങിയത്.

ലുക്ക ക്ലബ്ബിന്റെ ആദ്യ ഹോം മത്സരമാണ് കോട്ടപ്പടിയില്‍ അരങ്ങേറിയത്. എതിരില്ലാത്ത ഒരുഗോളിനു വിജയം നേടാനും മലപ്പുറത്തിന്റെ പുതിയ ക്ലബ്ബിനായി. 75-ാം മിനിറ്റില്‍ സഹീര്‍ നല്‍കിയ പാസ് വലയിലെത്തിച്ച അക്മല്‍ ഷാനാണ് ഗോള്‍ നേടിയത്.

ആശുപത്രിയിലെത്തിച്ചത് പോലീസ് ജീപ്പില്‍

പെരിന്തല്‍മണ്ണ: കളിക്കളത്തില്‍ കുഴഞ്ഞുവീണ സന്തോഷ് ട്രോഫി താരം ധനരാജിനെ ആശുപത്രിയിലെത്തിച്ചത് പോലീസ് ജീപ്പില്‍. മെഡിക്കല്‍ സംഘവും ആംബുലന്‍സും സ്റ്റേഡിയത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ആ സമയത്ത് ആംബുലന്‍സ് ഉണ്ടായില്ല.

മത്സരത്തിന് മുഖ്യാതിഥിയായെത്തിയ പെരിന്തല്‍മണ്ണ സി.ഐ. കെ.എം. ബിജുവിന്റെ ഔദ്യോഗിക വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

നഗരമധ്യത്തിലുള്ള സ്റ്റേഡിയത്തിന് അല്പദൂരം മാറിയുള്ള മൗലാന ആശുപത്രിയിലേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ എത്തിച്ചതായി സി.ഐ. പറഞ്ഞു. അരമണിക്കൂറോളം ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാധാരണ സ്റ്റേഡിയത്തിലുണ്ടാകാറുള്ള ആംബുലന്‍സ് മറ്റൊരാവശ്യത്തിനായി ആശുപത്രിയിലേക്ക് പോയതായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാത്രി 9.15 ഓടെയാണ് ധനരാജന്‍ കുഴഞ്ഞുവീണത്. എഫ്.സി. പെരിന്തല്‍മണ്ണയ്ക്ക് വേണ്ടിയാണ് ധനരാജന്‍ കളിത്തിലിറങ്ങിയത്. ശാസ്ത എഫ്.സി. തൃശ്ശൂരുമായായിരുന്നു മത്സരം. ഓരോ ഗോള്‍ വീതം നേടി സമനിലയിലായ സമയത്താണ് ധനരാജ് കുഴഞ്ഞുവീണത്. തുടര്‍ന്ന് പകരക്കാരനിറങ്ങിയ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് എഫ്.സി. പെരിന്തല്‍മണ്ണ വിജയിച്ചത്. അപ്പോഴേക്കും ടീമിന്റെ പ്രിയതാരം ജീവിതത്തില്‍നിന്നേ വിടവാങ്ങിയിരുന്നു.

Content Highlights: players wearing black ribbons in kpl; Remembering Dhanaraj

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram