ബാഴ്‌സലോണ: ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിഞ്ഞോ ഇനി ബാഴ്‌സലോണയ്ക്ക് സ്വന്തം. ഏകദേശം 1219 കോടി രൂപയ്ക്കാണ് കുട്ടിഞ്ഞോയെ ബാഴ്‌സ തട്ടകത്തിലെത്തിച്ചത്. ഞായറാഴ്ച്ച ലാവന്റെക്കെതിരായ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ താരം ബാഴ്‌സലോണക്കായി അരങ്ങേറ്റം കുറിച്ചേക്കും.
അഞ്ചര വര്‍ഷത്തേക്കാണ് സ്പാനിഷ് ക്ലബ്ബുമായി കുട്ടിഞ്ഞോ കരാറൊപ്പിട്ടത്. നേരത്തെ 1600 കോടി രൂപയ്ക്ക് ബാഴ്‌സയില്‍ നിന്നും ബ്രസീല്‍ താരം നെയ്മര്‍ പി.എസ്്.ജിയിലേക്ക് കൂടുമാറിയിരുന്നു. ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയായിരുന്നു ഇത്. കുട്ടിഞ്ഞോയുടേത് ഏറ്റവുമയര്‍ന്ന രണ്ടാമത്തെ ട്രാന്‍സ്ഫര്‍ തുകയാണ്.
ഇരുപത്തഞ്ചുകാരനായ കുട്ടിഞ്ഞോ കഴിഞ്ഞ രണ്ടു കളികളില്‍ ലിവര്‍പൂളിനു വേണ്ടി ഇറങ്ങിയിരുന്നില്ല. പരിക്ക് മൂലം താരം മാറി നില്‍ക്കുകയായിരുന്നുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ ബാഴ്‌സലോണയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് കുട്ടിഞ്ഞോ മാറി നിന്നതെന്നാണ് സൂചന.
നേരത്തെ ബൊറൂസിയ ഡോട്ട്മുണ്ടില്‍ നിന്ന് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെംബാലയെ ബാഴ്‌സലോണ തട്ടകത്തിലെത്തിച്ചിരുന്നു. എന്നാല്‍ ഡെംബാലക്ക് ചിലവഴിച്ച തുകയെ മറികടക്കുന്നതാണ് ബാഴ്‌സലോണയുടെ കുട്ടിഞ്ഞോയുമായുള്ള കരാര്‍.
Content Highlights: Philippe Coutinho Joins Barcelona Football