ബാഴ്‌സലോണ: രണ്ടാം പകുതിയില്‍ ഫ്രഞ്ച് താരം ഒസ്മാനെ ഡെംബലെ നേടിയ ഏക ഗോളില്‍ റയല്‍ വല്ലഡോളിഡിനെ തകര്‍ത്ത് ബാഴ്‌സ.
ലീഗിലെ രണ്ടാം മത്സരത്തില്‍ വല്ലഡോളിഡിന്റെ ഗ്രൗണ്ടില്‍ കാര്യങ്ങളൊന്നും ബാഴ്‌സയ്ക്ക് അനുകൂലമായിരുന്നില്ല. ഗ്രൗണ്ട് ടര്‍ഫിന്റെ മോശം അവസ്ഥ കാരണം ബാഴ്‌സയുടെ പല കളിക്കാരും ശരിക്കും ബുദ്ധിമുട്ടി. മത്സര ശേഷം ബാഴ്‌സ താരങ്ങളില്‍ പലരും ഗ്രൗണ്ടിന്റെ മോശം അവസ്ഥയെ കുറിച്ച് പരാതിപ്പെടുകയും ചെയ്തു. ലാ ലിഗ അസോസിയേഷന്‍ വല്ലഡോളിഡിനെതിരെ നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്.
ലൂയി സുവാരസും മെസിയും മികവിലേക്കുയരാതിരുന്ന മത്സരത്തില്‍ 57-ാം മിനിറ്റിലായിരുന്നു ഡെംബലെയുടെ വിജയ ഗോള്‍. കഴിഞ്ഞ കളിയില്‍ 3-0 ന് ആല്‍വസിനെ തോല്‍പ്പിച്ച ബാഴ്‌സയുടെ നിഴല്‍ മാത്രമായിരുന്നു ശനിയാഴ്ച കളത്തില്‍.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയില്‍ സെര്‍ജിയോ റോബെര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു ഡെംബലെയുടെ ഗോള്‍.
ലീഡ് നേടിയതോടെ പുതുതായി ടീമില്‍ എത്തിച്ച വിദാല്‍, മല്‍കോം എന്നിവരെ ബാഴ്‌സ കളത്തില്‍ ഇറകിയെങ്കിലും ലീഡ് ഉയര്‍ത്താനായില്ല. ബാഴ്‌സ താരം ജെറാര്‍ഡ് പിക്വെയുടെ മൂന്നൂറാം ലാ ലിഗ മത്സരമായിരുന്നു ശനിയാഴ്ചത്തേത്.
അതേസമയം ആദ്യ മത്സരത്തില്‍ വലന്‍സിയയോട് സമനില വഴങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം മത്സരത്തില്‍ റയോ വല്ലെക്കാനോയെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം. 63-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാനാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്.
Content Highlights: ousmane dembele antoine griezmann give barcelona and atletico narrow wins