പാരീസ്: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കഴിഞ്ഞാല്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാരമായി കരുതുന്ന ബാലണ്‍ദ്യോറിനുള്ള ചുരുക്കപ്പട്ടികയായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ലൂക്കാ മോഡ്രിച്ച്, മുഹമ്മദ് സലാ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 30 താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഡിസംബര്‍ മൂന്നിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ആ പുരസ്‌കാര പ്രഖ്യാപനം. ഇത്തവണ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയ റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച് ആദ്യമായി ബാലണ്‍ദ്യോര്‍ നേടുമോ എന്ന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍.
ഫ്രഞ്ച് ഫുട്‌ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരമാണിത്. പത്രപ്രവര്‍ത്തകര്‍ അടങ്ങിയ ഒരു പാലാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിക്കുന്നത്. വനിതാ താരത്തെയും ഇത്തവണ തിരഞ്ഞെടുക്കുന്നുണ്ട്. അഞ്ച് ബാലണ്‍ദ്യോര്‍ പുരസ്‌കാരം വീതം നേടിയ റൊണാള്‍ഡോയും മെസ്സിയും തന്നെയാണ് ജേതാക്കളുടെ പട്ടികയില്‍ മുന്നില്‍.
നെയ്മര്‍, കിലിയന്‍ എംബാപ്പെ, ഗരെത് ബേല്‍, മുഹമ്മദ് സലാ, അന്റോയിന്‍ ഗ്രീസ്മാന്‍, ഏദന്‍ ഹസാര്‍ഡ്, ലൂയിസ് സുവാരസ്, പോള്‍ പോഗ്ബ, സെര്‍ജിയോ അഗ്വേറോ, കെവിന്‍ ഡിബ്രൂയിന്‍, തിബോട്ട് കുര്‍ട്ടോയിസ്, ഹാരി കെയ്ന്‍, ഇസ്‌ക്കോ, കരീം ബെന്‍സേമ, എഡിന്‍സണ്‍ കവാനി എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.
2016-ലാണ് ഫിഫയും ബാലണ്‍ദ്യോറും രണ്ടാകുന്നത്. അതുവരെ ലോകഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ബാലണ്‍ദ്യോര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
റൊണാള്‍ഡോക്കെതിരേ ലൈംഗിക പീഡനാരോപണവുമായി കാതറിന്‍ മയോര്‍ഗ എന്ന യുവതി രംഗത്തുവന്ന സമയത്താണ് പുരസ്‌കാരമെന്നത് ഒരുപക്ഷേ അദ്ദേഹത്തിന് തിരിച്ചടിയായേക്കാം.
അതേസമയം ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിനും ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിലും സുപ്രധാന സാന്നിധ്യമായിരുന്നത് മോഡ്രിച്ചായിരുന്നു. ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയതും മോഡ്രിച്ചിന്റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നു.
Content Highlights: nominees for the ballon d or award