പാരിസ്: കൂവി വിളിച്ച പി.എസ്.ജി ആരാധകര്‍ക്ക് ഗോളിലൂടെ മറുപടി നല്‍കി നെയ്മര്‍. ഫ്രഞ്ച് ലീഗില്‍ നടന്ന സ്റ്റ്രാസ്ബര്‍ഗിനെതിരായ മത്സരത്തിലാണ് സ്വന്തം ടീമിന്റെ ആരാധകര്‍ തന്നെ നെയ്മറിനെ കൂവി വിളിച്ചത്. മോശം ഫോമിനെ തുടര്‍ന്ന് ഏറെ പഴി കേട്ട നെയ്മര്‍ നാല് മത്സരങ്ങളുടെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങിയത്. എന്നാല്‍ ബ്രസീലിന്റെ സൂപ്പര്‍ താരത്തോട് പി.എസ്.ജി ആരാധകര്‍ ഒട്ടും ദയ കാണിച്ചില്ല. ഗാലറിയില്‍ ഇരുന്ന് ഉറക്കെ കൂവി. ബാഴ്‌സലോണയിലേക്ക് നെയ്മര്‍ പോകുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ബ്രസീല്‍ താരത്തിനെതിരായ പോസ്റ്ററുകളും ഗാലറിയില്‍ ഉയര്‍ന്നിരുന്നു.
പക്ഷേ നെയ്മറിനെ ഇതൊന്നും ബാധിച്ചില്ല. ഗോളിലൂടെയായിരുന്നു ഇതിനെല്ലാം ബ്രസീല്‍ താരത്തിന്റെ മറുപടി. ഒരു ഗോള്‍ നേടാന്‍ വിഷമിച്ച പി.എസ്.ജിക്കായി ഇഞ്ചുറി ടൈമില്‍ നെയ്മര്‍ ലക്ഷ്യം കണ്ടു. അതും മനോഹരമായൊരു ബൈസൈക്കിള്‍ കിക്കിലൂടെ.
ഇടതു വിങ്ങില്‍ നിന്ന് ഡിയാലോ നല്‍കിയ ക്രോസ് നെയ്മറിന്റെ പിറകിലേക്കാണ് വന്നത്. ആ ക്രോസ് ഒരു ബൈസിക്കിള്‍ കിക്കിലൂടെ നെയ്മര്‍ വലയിലാക്കി. ഇതോടെ അതുവരെ കൂവിയ ആരാധകര്‍ നെയ്മറിനു വേണ്ടി കൈയടിച്ചു. ഈ വിജയത്തോടെ പി.എസ്.ജി ലീഗില്‍ ഒന്നാമതെത്തി.
Content Highlights: Neymar PSG Fans Booed for 90 minutes then a stunning winning goal