പാരീസ്: 'ബാഴ്സയെയും മെസ്സിയെയും സുവാരസിനെയും ഞാന്‍ ഏറെ സ്നേഹിക്കുന്നു, അനുഭവിച്ച ആ ഹ്ളാദത്തിനും പഠിച്ച പാഠങ്ങള്‍ക്കും നന്ദി'. ലോകറെക്കോഡിട്ട കൈമാറ്റത്തിലൂടെ ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജി.യിലെത്തിയ ശേഷം നെയ്മര്‍ ന്യൂകാമ്പിലെ തന്റെ ഓര്‍മകള്‍ ഇങ്ങനെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
താരമാവാനല്ല കൂടുതല്‍ വെല്ലുവിളികള്‍ നേരിടാനാണ് പി.എസ്.ജി.യിലേക്കുള്ള മാറ്റമെന്ന് വികാരഭരിതമായ കുറിപ്പിലൂടെ നെയ്മര്‍ വ്യക്തമാക്കി. 'ബാഴ്സലോണയില്‍ എത്താനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് മെസ്സി, താങ്കളായിരുന്നു. എന്റെ മാതൃകയും ഫുട്ബോളില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രതിഭയുമായ താങ്കളോടൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. താങ്കള്‍ എന്നോട് കാണിച്ച അനുഭാവപൂര്‍ണമായ സമീപനത്തിന്, സ്നേഹത്തിന്, എല്ലാറ്റിനും നന്ദി. ഞാന്‍ പഠിച്ച കാര്യങ്ങളെല്ലാം എന്റെ മാതൃകാതാരമായ താങ്കളെ ചുറ്റിപ്പറ്റിയായിരുന്നു. ഞാന്‍ എക്കാലത്തും താങ്കളുടെ ആരാധകനാണ്. താങ്കള്‍ക്കുമുന്നില്‍ ഞാന്‍ തലകുനിക്കുന്നു.'
സുവാരസുമായുള്ള ബന്ധത്തിന്റെ ആഴവും കുറിപ്പിലുണ്ട്. 'ലൂയിസ് സുവാരസ് എന്നും സന്തോഷകരമായ നിമിഷങ്ങളാണ് നല്‍കിയിട്ടുള്ളത്. സുവാരസ്, താങ്കളില്‍നിന്നും ഞാന്‍ ഏറെ കാര്യങ്ങള്‍ മനസ്സിലാക്കി. ഞാന്‍ താങ്കളെ സ്നേഹിക്കുന്നു. എല്ലാ ആശംസകളും. ബാഴ്സയിലെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. സ്വപ്നംകാണുന്ന ഒരു കുട്ടിയായി ഞാന്‍ നിങ്ങള്‍ക്കുമുന്നിലെത്തി. ഇന്നത്തെ എന്നെ തിരിച്ചുതന്ന നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇത്രയും കാലം നമ്മള്‍ ഒന്നിച്ചായിരുന്നു. ഇനി അത് ചരിത്രം' -നെയ്മര്‍ കുറിച്ചു.
പാരീസിലെത്തിയ നെയ്മര്‍ക്ക് പി.എസ്.ജി. അധികൃതരും ആരാധകരും ഉജ്ജ്വലവരവേല്‍പ്പു നല്‍കി. ഹോം മൈതാനമായ പാര്‍ക്ക് ഡി പ്രിന്‍സസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ നാസര്‍-അല്‍-ഖിലാഫി നെയ്മര്‍ക്ക് ടീമിന്റെ 10-ാം നമ്പര്‍ ജേഴ്സി കൈമാറി.