ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഇനി ഫ്രഞ്ച് ലീഗ് ഒന്ന് ക്ലബ്ബായി പി.എസ്.ജി. ജേഴ്സി അണിയും. നിലവിലെ റെക്കോഡായ 19.8 കോടി പൗണ്ടി(1667 കോടി രൂപ)നാണ് കരാര്‍. നെയ്മറുടെ ക്ലബ്ബ് ബാഴ്സലോണ ബുധനാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അച്ഛനും ഏജന്റിനുമൊപ്പം എത്തിയ നെയ്മര്‍ ബുധനാഴ്ച ട്രാന്‍ഫര്‍ ആവശ്യമുന്നയിക്കുകയായിരുന്നെന്ന് ബാഴ്സലോണ ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. കൈമാറ്റത്തുക മുഴുവനായും ലഭിച്ചാല്‍ മാത്രമേ കൈമാറ്റം സാധ്യമാവൂ എന്ന് ക്ലബ്ബ് വ്യക്തമാക്കി.
ഈ തുക നല്‍കാന്‍ പി.എസ്.ജി. തയ്യാറാവുന്നതോടെ കൈമാറ്റത്തുകയില്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഫുട്ബോള്‍താരമായി ബ്രസീലിയന്‍ ക്യാപ്റ്റന്‍. ഇതിന് മുമ്പ് യുവന്റ്സില്‍ നിന്നെത്തിയ ഫ്രാന്‍സിന്റെ അന്താരാഷ്ട്രതാരം പോള്‍ പോഗ്ബയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കിയ 9.32 കോടി പൗണ്ട്(783 കോടി രൂപ) ആണ് കളിക്കാരുടെ കൈമാറ്റത്തില്‍ ഇതുവരെയുള്ള റെക്കോഡ്. 2016-ല്‍ ആയിരുന്നു ഈ കൈമാറ്റം. പോഗ്ബയുടേതിനെക്കാള്‍ 110 ശതമാനം ഉയര്‍ന്ന തുകയ്ക്കാണ് നെയ്മറുടെ കൈമാറ്റം.
25-കാരനായ നെയ്മറുടെ കൈമാറ്റം സ്ഥിരീകരിച്ച് ബുധനാഴ്ച രാവിലെ ബാഴ്സലോണ ടീമിന്റെ പതിവ് പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും നെയ്മറിന് ടീം മാനേജ് മെന്റ് അനുമതി നല്‍കി.
''നെയ്മര്‍ നിലവിലെ കരാര്‍ റദ്ദാക്കാന്‍ ആവശ്യമുന്നയിച്ചു. ജൂലായ് ഒന്നുമുതല്‍ 19.8 കോടി പൗണ്ടിനാണ് തീരുമാനമായത്. ഈ തുക പൂര്‍ണമായും അടയ്ക്കണം'' ബാഴ്സലോണ് ക്ലബ്ബ് വക്താവ് ജോസഫ് വിവെസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നെയ്മറുടെ ഏജന്റ് വാഗ്‌നെര്‍ റിബേറോയും ഇക്കാര്യം സ്ഥിരീകരിച്ചു. ''നെയ്മര്‍ ചൊവ്വാഴ്ച ക്ലബ്ബ് മാറ്റത്തിന് പച്ചസിഗ്‌നല്‍ കാണിച്ചു കഴിഞ്ഞു. ഞാന്‍ ഉടന്‍ തന്നെ പാരീസിലെത്തി ഉടമ്പടി സംബന്ധിച്ച് പി.എസ്.ജി.അധികൃതരുമായി സംസാരിക്കും. അടുത്ത ഏതാനും ചില മണിക്കൂറുകള്‍ക്കുള്ളില്‍ നടപടികള്‍ അന്തിമ സംബന്ധിച്ച് അന്തിമ രൂപമുണ്ടാകും'' -സ്?പാനിഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വാഗ്‌നെര്‍ റിബേറോ പറഞ്ഞു.
എം.എസ്.എന്‍. ത്രയത്തിന് അന്ത്യം
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ നെഞ്ചേറ്റിയ എം.എസ്.എന്‍. ത്രയത്തിന് ബാഴ്സലോണയില്‍ അന്ത്യമായി. ടീമിന്റെ പ്രധാന എതിരാളികളായ റയല്‍ മാഡ്രിഡിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോ-ഗാരെത് ബെയില്‍-ബെന്‍സേമ കൂട്ടുകെട്ടിനെതിരെയാണ് ഫുട്ബോള്‍ ലോകം മെസ്സി-ലൂയി സുവാരസ്-നെയ്മര്‍ സഖ്യത്തെ കണ്ടിരുന്നത്.
നെയ്മറുടെ ട്രാന്‍ഫര്‍വാര്‍ത്ത സ്ഥിരീകരിച്ച് നെയ്മറോടൊപ്പം കളിച്ച കാലം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തു. ബുധനാഴ്ച ബാഴ്സലോണയുടെ മൈതാനത്ത് എത്തിയ നെയ്മര്‍ അരമണിക്കൂറോളം ടീമംഗങ്ങളുമായി ചെലവഴിച്ചു. അംഗങ്ങള്‍ ഹൃദയംഗമമായ യാത്രയയപ്പാണ് നല്‍കിയത്.
1992 മുതലുള്ള ട്രാന്‍സ്ഫര്‍ റെക്കോഡുകള്‍
*ജീന്‍ പിയറി പാപിന്‍ (1992), മാഴ്സെയില്‍ നിന്ന് എ.സി. മിലാനിലേക്ക്, 84.2 കോടി
* ജിയാന്‍ ലൂക്ക വിയാലി (1992), സാംപ്ദോറിയയില്‍ നിന്ന് യുവന്റസിലേക്ക്, 101 കോടി
* ജിയാന്‍ ലൂജി ലെന്റിനി (1992), ടോറിനോയില്‍ നിന്ന് എ.സി മിലാനിലേക്ക്, 109 കോടി
*ബ്രസീല്‍ താരം റൊണാള്‍ഡോ (1996), പി.എസ്.വി.യില്‍ നിന്ന് ബാഴ്സലോണയിലേക്ക്, 111 കോടി
*അലന്‍ ഷിയറര്‍ (1996), ബ്ലാക്ക്ബേണില്‍ നിന്ന് ന്യൂകാസിലിലേക്ക്, 126 കോടി
* റൊണാള്‍ഡോ (1997), ബാഴ്സലോണയില്‍ നിന്ന് ഇന്റര്‍ മിലാനിലേക്ക്, 164 കോടി
*ഡെനില്‍സണ്‍ (1998) സാവോ പോളയില്‍ നിന്ന് റയല്‍ ബെറ്റിസിലേക്ക്, 181 കോടി
* ക്രിസ്റ്റ്യന്‍ വിയേരി (1999), ലാസിയോയില്‍ നിന്ന് ഇന്റര്‍മിലാനിലേക്ക്, 270 കോടി
* ഹെര്‍നന്‍ ക്രെസ്പോ (2000), പാര്‍മയില്‍ നിന്ന് ലാസിയോയിലേക്ക്, 299 കോടി
*ലൂയി ഫിഗോ (2000), ബാഴ്സലോണയില്‍ നിന്ന് റയല്‍ മഡ്രിഡിലേക്ക്, 311 കോടി
*സിനദിന്‍ സിദാന്‍ (2001), യുവന്റസില്‍ നിന്ന് റയല്‍ മഡ്രിഡിലേക്ക്, 398 കോടി
* കക്കാ (2009), എ.സി. മിലാനില്‍ നിന്ന് റയല്‍ മഡ്രിഡിലേക്ക്, 497 കോടി
*ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (2009), മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക്, 673 കോടി
*ഗാരെത് ബെയ്ല്‍ (2013), ടോട്ടനത്തില്‍ നിന്ന് റയലിലേക്ക്, 718 കോടി
* പോള്‍ പോഗ്ബ (2016), യുവന്റസില്‍ നിന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് 785.48 കോടി.