പാരിസ്: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ ഹാട്രിക്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി പി.എസ്.ജി. സെര്‍ബിയന്‍ ചാമ്പ്യന്മാരായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. ഇതില്‍ നാലു ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
20, 22, 81 മിനിറ്റുകളിലാണ് നെയ്മര്‍ പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തത്. 37-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയും 41-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയും 70-ാം മിനിറ്റില്‍ എംബാപ്പെയും പി.എസ്.ജിയുടെ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മുന്നിലായിരുന്നു പി.എസ്.ജി.
81-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയാണ് നെയ്മര്‍ ഹാട്രിക്ക് തികച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ നെയ്മര്‍ നേടുന്ന രണ്ടാമത്തെ ഹാട്രിക്കാണിത്. 74-ാം മിനിറ്റില്‍ മാര്‍ക്കോ മരിനാണ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനോട് തോറ്റ പി.എസ്.ജിക്ക് ആശ്വാസമായി ഈ വിജയം.
ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന ബ്രസീലുകാരനെന്ന റെക്കോഡും നെയ്മര്‍ സ്വന്തമാക്കി. ഗ്രൂപ്പില്‍ രണ്ടു കളികളില്‍ നിന്ന് മൂന്നു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഫ്രഞ്ച് ചാമ്പ്യന്‍മാര്‍.
അവസാന മിനിറ്റില്‍ ചെമ്പടയെ ഞെട്ടിച്ച് നാപ്പോളി
അതേസമയം ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ നാപ്പോളി പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നാപ്പോളിയുടെ വിജയം. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലൊറെന്‍സോ ഇന്‍സിഗ്നിയാണ് നാപ്പോളിയുടെ ഗോള്‍ നേടിയത്.
പതിവിന് വിപരീതമായി പ്രതിരോധത്തിലൂന്നി കളിച്ചതാണ് ലിവര്‍പൂളിന് വിനയായത്. ആദ്യ പകുതി പലപ്പോഴും വിരസമായിരുന്നു. രണ്ടാം പകുതിയില്‍ നാപ്പോളി ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണിന്റെ പ്രകടനവും അവര്‍ക്ക് രക്ഷയായി. ഒടുവില്‍ മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് ഇന്‍സിഗ്നിയുടെ ഗോള്‍. ഗ്രൂപ്പ് സിയില്‍ ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി നാപ്പോളി ഒന്നാമതെത്തി. തോല്‍വിയോടെ ലിവര്‍പൂള്‍ രണ്ടാമതായി.
Content Highlights: neymar hat trick in psg napoli won against liverpool