പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍ വീണ്ടും വിവാദത്തില്‍. കഴിഞ്ഞ ദിവസമാണ് യുവേഫ നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. റഫറിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ബ്രസീല്‍ താരം.
ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെനസിനോട് തോറ്റ് കിരീടം കൈവിട്ടതിന് പിന്നാലെ നെയ്മര്‍ക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ പോകുന്നതിനിടെ ഒരു ആരാധകന്‍ നെയ്മറിനോട് എന്തോ പറയുകയായിരുന്നു. ഇതു കേട്ട് ദേഷ്യം പിടിച്ച നെയ്മര്‍ ആരാധകന്റെ കൈയിലുള്ള ഫോണ്‍ പിടിച്ചു വാങ്ങാന്‍ നോക്കി. പിന്നീട് വാക്കു തര്‍ക്കത്തിന് ശേഷം മുഖത്ത് ഇടിച്ചു. സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. നെയ്മര്‍ക്കെതിരേ നടപടി ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
ഫൈനലില്‍ കരുത്തരായ പി.എസ്.ജിയെ അട്ടിമറിച്ച് റെനസ് കിരീടം ചൂടി. ആദ്യം രണ്ട് ഗോള്‍ വഴങ്ങിയ റെനസ് പിന്നീട് തിരിച്ചുവരികയായിരുന്നു. സെല്‍ഫ് ഗോള്‍ അടിച്ചതും പി.എസ്.ജിക്ക് വിനയായി. നിശ്ചിത സമയത്ത് 2-2ന് സമനില ആയതോടെ കളി എക്‌സ്ട്രാ ടൈമിലെത്തി. പക്ഷേ ആരും ഗോളടിച്ചില്ല. 118-ാം മിനിറ്റില്‍ പി.എസ്.ജിയുടെ എംബാപ്പെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് പി.എസ്.ജി തോല്‍ക്കുകയായിരുന്നു. തോറ്റെങ്കിലും തന്റെ ഗോളിലൂടെ നെയ്മര്‍ ആരാധകരെ ത്രസിപ്പിച്ചു.
Content Highlights: Neymar caught on camera punching football fan