മഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ വിട്ടുനല്‍കാന്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.ക്കുമുന്നില്‍ ബാഴ്സലോണ നിബന്ധനവെച്ചു. 1673 കോടി രൂപ വിടുതല്‍ത്തുകയ്ക്കു പുറമേ ടീമിന്റെ നാലു സൂപ്പര്‍ താരങ്ങളിലൊരാളേയുമാണ് സ്പാനിഷ് ക്ലബ്ബ് ആവശ്യപ്പെട്ടത്. പി.എസ്.ജി. നിബന്ധനയോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് സ്പാനിഷ് പത്രം റിപ്പോര്‍ട്ടുചെയ്തു.
വമ്പന്‍തുകയ്ക്ക് പുറമേ എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട്, ജൂലിയന്‍ ഡ്രാസ്ലര്‍ എന്നിവരിലൊരാളെ വിട്ടുകൊടുക്കാന്‍ പി.എസ്.ജി. തയ്യാറാണ്. എന്നാല്‍ മാര്‍ക്കോ വെറാറ്റിയിലാണ് ബാഴ്സ കണ്ണുവയ്ക്കുന്നത്.
നെയ്മറിന്റെ ട്രാന്‍സ്ഫറിനെച്ചൊല്ലി ഇരുക്ലബ്ബുകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വിടുതല്‍ത്തുക സ്വീകരിച്ച് താരത്തെ വിട്ടുനല്‍കാന്‍ ബാഴ്സലോണ തയ്യാറായിരുന്നില്ല. എന്നാല്‍, താരത്തിന് ഫ്രഞ്ച് ക്ലബ്ബിലേക്ക് പോകാനുള്ള താത്പര്യം പുറത്തുവന്നതോടെയാണ് ബാഴ്സ ചുവടുമാറ്റിയത്. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബാര്‍ത്തോമ്യു ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു.