പാരിസ്: പി.എസ്.ജി.യുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഇതോടെ അടുത്ത വര്‍ഷത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ഒഫീഷ്യല്‍സിനെതിരേ ഇന്‍സ്റ്റാഗ്രാമില്‍ മോശം പോസ്റ്റിട്ടതിനാണ് നടപടി. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി അനുവദിച്ചിരുന്നു. ഈ പെനാല്‍റ്റി മാര്‍ക്കസ് റാഷ്ഫോഡ് ഗോളാക്കിയതോടെ പി.എസ്.ജി. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. പരിക്ക് കാരണം നെയ്മര്‍ ഈ മത്സരത്തില്‍ കളിച്ചിരുന്നില്ല.
ഈ തോല്‍വിക്ക് പിന്നാലെ നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ റഫറിമാരെ ഫുട്ബോളിനെ കുറിച്ച് ഒന്നും അറിയാത്തവര്‍ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുവേഫ നെയ്മര്‍ തെറ്റ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് വിലക്ക് പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: Neymar banned for three UCL games for insulting match officials on social media