ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി വോള്‍വ്‌സ്.
പോള്‍ പോഗ്ബ പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 27-ാം മിനിറ്റില്‍ ആന്തണി മാര്‍ഷ്യലിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. യുണൈറ്റഡ് കുപ്പായത്തില്‍ താരത്തിന്റെ 50-ാം ഗോളായിരുന്നു ഇത്. റാഷ്‌ഫോര്‍ഡിന്റെ പാസില്‍ നിന്നായിരുന്നു മാര്‍ഷ്യലിന്റെ ഗോള്‍.
മികച്ച ആക്രമണങ്ങളിലൂടെ യുണൈറ്റഡ് ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്തി. ആദ്യ പകുതിയില്‍ കളി നിയന്ത്രിച്ചതും യുണൈറ്റഡ് തന്നെയായിരുന്നു. എന്നാല്‍ പകരക്കാരനായി ട്രയോരെ എത്തിയതോടെ വോള്‍വ്‌സ് യുണൈറ്റഡിനെ വിറപ്പിച്ചു തുടങ്ങി. 55-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ട് വലയിലെത്തിച്ച് റൂബന്‍ നെവസ്, വോള്‍വ്‌സിനെ ഒപ്പമെത്തിച്ചു.
ഇരു ടീമുകളും വിജയത്തിനായി പൊരുതുന്നതിനിടെ 67-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി യുണൈറ്റഡിന് പ്രതീക്ഷ നല്‍കിയതാണ്. പക്ഷേ പോള്‍ പോഗ്ബയുടെ കിക്ക് റൂയി പട്രീസിയോ എളുപ്പത്തില്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടും വോള്‍വ്‌സിനെ കീഴടക്കാന്‍ സാധിക്കാതിരുന്ന യുണൈറ്റഡിനും തിങ്കളാഴ്ചയും അതിന് മാറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.
രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് യുണൈറ്റഡ്. വോള്‍വ്‌സ് 13-ാം സ്ഥാനത്തും.
Content Highlights: Neves stunner earns Wolves draw with United