പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ മൊണോക്കോയെ അവരുടെ തട്ടകത്തില്‍ യുവന്റസ് മലര്‍ത്തിയടിച്ചു. ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഡബിളടിച്ച മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുവന്റസിന്റെ വിജയം. 29,59 മിനിറ്റുകളിലായിരുന്നു മൊണോക്കോ പോസ്റ്റില്‍ ഹിഗ്വയ്ന്‍ നിറയൊഴിച്ചത്.
ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്മുണ്ടിനെതിരെ 6-3ന്റെ ആധികാരിക ജയം നേടിയ മൊണോക്കോയ്ക്ക് സെമി ഫൈനലിലെ ആദ്യ ചുവട് വെപ്പില്‍ തന്നെ പിഴച്ചു. എതിരാളികളുടെ മണ്ണായിരുന്നിട്ടും പന്ത് കയ്യടക്കം വെക്കുന്നതിലടക്കം വ്യക്തമായ ആധിപത്യത്തോടെയാണ് യുവന്റസ് മത്സരത്തെ നേരിട്ടത്.
29-ാം മിനിറ്റില്‍ ഡാനി ആല്‍വെസ് നല്‍കിയ ബാക്ക് ഹീല്‍ പാസില്‍ നിന്നാണ് ഹിഗ്വയ്ന്‍ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോളിനും ഹിഗ്വയ്‌ന് വഴിയൊരുക്കിയത് ആല്‍വെസ് തന്നെയായിരുന്നു.
മൊണോക്കോ പ്രതിരോധ നിരക്ക് മുകളിലൂടെ വലത് വിങില്‍ നിന്ന് ആല്‍വെസ് അളന്ന് നീട്ടിയ പന്ത് കുതിച്ചെത്തിയ ഹിഗ്വയ്ന്‍ വലയിലെത്തിക്കുകയായിരുന്നു.
എവേ മത്സരത്തില്‍ നേടിയ രണ്ടു ഗോള്‍ ലീഡ് ഈ മാസം പത്തിന് തങ്ങളുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ യുവന്റസിന് ഏറെ ആത്മവിശ്വാസം പകരും.