ആന്‍ഫീല്‍ഡ്: ഈ സീസണില്‍ യൂറോപ്പിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള പോരാട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ പിന്തള്ളി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റോമയ്‌ക്കെതിരേ ലിവര്‍പൂളിനായി രണ്ട് ഗോള്‍ നേടിയതോടെയാണ് സലാഹ് മുന്നിലെത്തിയത്. സലാഹിന്റെ അക്കൗണ്ടില്‍ 43 ഗോളായപ്പോള്‍ ക്രിസ്റ്റ്യാനൊ 42ഉം ലയണല്‍ മെസ്സി 40ഉം ഗോളുകളടിച്ചിട്ടുണ്ട്.
രണ്ടു ഗോളിനോടൊപ്പം രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത സലാഹിന്റെ മികവില്‍ ലിവര്‍പൂള്‍ 5-2നാണ് റോമയെ പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ ബയറണ്‍ മ്യൂണിക്കിനെതിരേ കളിക്കാനൊരുങ്ങുകയാണ് റയല്‍ മാഡ്രിഡ്. ഈ കളിയില്‍ ക്രിസ്റ്റ്യാനൊ ഗോളടിക്കുന്നതിന് അനുസരിച്ചാകും ഇനി ടോപ്പ് സ്‌കോററുടെ സ്ഥാനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക. കഴിഞ്ഞ ദിവസം പി.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സലാഹ് നേടിയിരുന്നു.
ഇ.പി.എല്‍ ഈ സീണില്‍ 31 ഗോളുകള്‍ ഇതുവരെ സലാഹിന്റെ ബൂട്ടില്‍ നിന്ന് പിറന്നു. റെക്കോഡ് തുക നല്‍കിയാണ് 25-കാരനെ റോമയില്‍ നിന്ന് ലിവര്‍പൂള്‍ സ്വന്തം തട്ടകത്തിലെത്തിച്ചത്. മുന്‍ ക്ലബ്ബിനെതിരായ മത്സരമായതിനാല്‍ ഗോളാഘോഷം സലാഹ് വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു.
Content Highlights: Mohamed Salah surpasses Ronaldo to become Europe's top scorer