കയ്‌റോ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ മനോഹര ഗോളുമായി ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സല. സ്വാസിലന്‍ഡിനെതിരായ മത്സരത്തിലാണ് ഒരു കോര്‍ണര്‍ കിക്ക് സല വലയിലെത്തിച്ചത്. മത്സരത്തില്‍ 4-1ന് ഈജിപ്ത് വിജയിക്കുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഈജിപ്തിന് അനുകൂലമായ കോര്‍ണര്‍ ലഭിച്ചു. ആ പന്ത് വളഞ്ഞുതിരിഞ്ഞ് പോസ്റ്റിന്റെ മൂലയില്‍ വിശ്രമിക്കുകയായിരുന്നു. നിരവധി പേരാണ് സലായുടെ ഈ അദ്ഭുത ഗോളിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ ലിവര്‍പൂള്‍ താരത്തിന്റെ 13-ാം ഗോളായിരുന്നു അത്. ഇതുവരെ ഇത്രയും ഗോളുകള്‍ ഒരു ഈജിപ്ഷ്യന്‍ താരം നേടിയിട്ടില്ല. ഈജിപ്ത് ജഴ്‌സിയില്‍ 40-ാം ഗോളും നേടിയ സലാ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മൂന്നാമത്തെ ആഫ്രകിക്കന്‍ താരവുമായി.
പിന്നീട് 88-ാം മിനിറ്റില്‍ സലായുടെ കാലിന് പരിക്കേറ്റു. മുടന്തിക്കൊണ്ട് ഗ്രൗണ്ട് വിട്ട സല പിന്നീട് തിരിച്ചുവന്നു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ വേദന സഹിക്കാനാകാതെ സല വീണ്ടും സൈഡ് ബെഞ്ചിലേക്ക് മാറി. ഇതോടെ പത്ത് പേരുമായാണ് ഈജിപ്ത് കളിച്ചത്. നേരത്തെ തന്നെ മൂന്ന് മാറ്റങ്ങള്‍ വരുത്തിയതിനാല്‍ സലയ്ക്ക് പകരം മറ്റൊരു താരത്തെ ഗ്രൗണ്ടിലിറക്കാനുമായില്ല.
Content Highlights: Mohamed Salah Scores Directly From Corner Kick For Egypt