പാരീസ്: ഫുട്ബോളിലെ മികച്ചതാരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. 2018-ലെ മികച്ച താരത്തെയാണ് തിരഞ്ഞെടുക്കുന്നത്.
സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണ അവസാന മൂന്നില്‍ എത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. 2007 ബ്രസീല്‍താരം കക്ക ബാലണ്‍ ദ്യോര്‍ നേടിയ ശേഷം മെസ്സിയും ക്രിസ്റ്റ്യാനോയുമാണ് തുടര്‍വര്‍ഷങ്ങളില്‍ മാറിമാറി ജേതാക്കളായത്.
ഇത്തവണ ക്രൊയേഷ്യയുടെ മധ്യനിരതാരം ലൂക്ക മോഡ്രിച്ചിനാണ് സാധ്യത. ഫിഫ പുരസ്‌കാരം മോഡ്രിച്ചിനായിരുന്നു. ലോകകപ്പില്‍ ക്രൊയേഷ്യയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച താരം റയല്‍ മഡ്രിഡിനായി ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനവും നടത്തി.
ലോകകപ്പ് ജയിച്ച ഫ്രഞ്ച് ടീമിലെ മുന്നേറ്റനിരക്കാരയ അന്റോയിന്‍ ഗ്രീസ്മാന്‍, കൈലിയന്‍ എംബാപ്പ, പ്രതിരോധനിരക്കാരന്‍ റാഫേല്‍ വരാന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. 30 അംഗ പട്ടികയില്‍നിന്നാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനും 21 വയസ്സില്‍ താഴെയുള്ള മികച്ച യുവതാരത്തിനും പുരസ്‌കാരം നല്‍കുന്നുണ്ട്. റൊണാള്‍ഡോ ചടങ്ങില്‍ നിന്ന് വിട്ടുനിന്നേക്കും. പുരസ്‌കാരം നേടാന്‍ ആഗ്രഹമുണ്ടെന്ന് പല തവണ തുറന്നുപറഞ്ഞ ഗ്രീസ്മാന്റെ പ്രതീക്ഷ മുഴുവന്‍ ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തിലാണ്.
Content Highlights: Modric Tipped to Pip French Stars to Ballon d'Or and End Ronaldo and Messi Era