ഫുട്‌ബോളിലൂടെ മുറിവുണക്കാമെന്ന് റിയല്‍ കശ്മീര്‍; ശ്രീനഗറില്‍ കളിക്കാനില്ലെന്ന് മിനര്‍വ പഞ്ചാബ്


1 min read
Read later
Print
Share

സെക്കന്റ് ഡിവിഷനിലെ മികച്ച പ്രകടനത്തിലൂടെ ഐ-ലീഗിലെത്തിയ റിയല്‍ കശ്മീര്‍ ആ ഫോം തുടരുകയാണ്.

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ നിന്നുള്ള ഐ-ലീഗ് ക്ലബ്ബ് റിയല്‍ കശ്മീരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ചാവേര്‍ ആക്രമണത്തെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. താഹിര്‍ റഷീദ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് വന്നത്. ഇയാള്‍ റിയല്‍ കശ്മീരിന്റെ ഗോള്‍കീപ്പറാണെന്നും ഐ-ലീഗില്‍ നിന്ന് കശ്മീര്‍ ടീമിനെ പുറത്താക്കണമെന്നും വാദങ്ങളുയര്‍ന്നു.

ഐ-ലീഗിലെ മറ്റൊരു ടീമായ മിനര്‍വ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ് ഈ പോസ്റ്റ് ട്വിറ്റര്‍ പങ്കുവെച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. താഹിര്‍ റഷീദ് റിയല്‍ കശ്മീരിന്റെ താരമാണോ എന്ന് ടീം വ്യക്തമാക്കണമെന്നായിരുന്നു രഞ്ജിത് ബജാജിന്റെ ആവശ്യം.

തൊട്ടുപിന്നാലെ ഇതിന് വിശദീകരണവുമായി റിയല്‍ കശ്മീര്‍ രംഗത്തെത്തി. താഹിര്‍ റഷീദ് റിയല്‍ കശ്മീര്‍ ടീമംഗമല്ല. 2016-ലാണ് ക്ലബ്ബ് തുടങ്ങിയത്. തുടര്‍ന്ന് നൂറോളം താരങ്ങള്‍ ക്ലബ്ബിന്റെ ഭാഗമായിരുന്നു. അവരില്‍ പലരും ക്ലബ്ബ് വിട്ടുവെന്നും അതില്‍ ഒരാളായിരിക്കാം ഇതെന്നുമായിരുന്നു റിയല്‍ കശ്മീരിന്റെ വിശദീകരണം.

അതേസമയം തിങ്കളാഴ്ച്ച റിയല്‍ കശ്മീരിനെതിരേ നടക്കുന്ന മത്സരം മാറ്റിവെയ്ക്കുകയോ റദ്ദു ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് മിനര്‍വ പഞ്ചാബ് അധികൃതര്‍ എ.ഐ.എഫ്.എഫിനെ സമീപിച്ചു. ഇപ്പോഴത്തെ സാചര്യത്തില്‍ ശ്രീ നഗറിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. കളി മാറ്റിവെയ്ക്കുന്നില്ലെങ്കില്‍ നിഷ്പക്ഷ സ്റ്റേഡിയത്തില്‍ നടത്തണമെന്നും മിനര്‍വ ആവശ്യപ്പെട്ടു. എന്നാല്‍ മത്സരം ശ്രീനഗറില്‍ തന്നെ നടത്തണമെന്നാണ് റിയല്‍ കശ്മീരിന്റെ ആവശ്യം. ഫുട്‌ബോളിലൂടെ മുറിവുണക്കാന്‍ കഴിയുമെന്നും അങ്ങനെയൊരു ആവേശത്തോടെ മത്സരത്തെ കാണണെമന്നും റിയല്‍ കശ്മീര്‍ പറയുന്നു.

സെക്കന്റ് ഡിവിഷനിലെ മികച്ച പ്രകടനത്തിലൂടെ ഐ-ലീഗിലെത്തിയ റിയല്‍ കശ്മീര്‍ ആ ഫോം തുടരുകയാണ്. 16 മത്സരങ്ങളില്‍ 32 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് കശ്മീര്‍ ടീം.

Content Highlights: Minerva Punjab to forfeit match against Real Kashmir in Srinagar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram