ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ചരിത്രത്തില്‍ 100 ചുവപ്പ് കാര്‍ഡ് കാട്ടുന്ന ആദ്യ റഫറിയായി മൈക്ക് ഡീന്‍.
കഴിഞ്ഞ ദിവസം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് - വോള്‍വര്‍ഹാംപ്ടണ്‍ മത്സരത്തിനിടെ യുണൈറ്റഡ് താരം ആഷ്ലി യങ്ങിനെതിരേ ആദ്യം മഞ്ഞയും പിന്നെ ചുവപ്പും പുറത്തെടുത്തതോടെയാണ് ലീന്‍ അപൂര്‍വനേട്ടം കൈവരിച്ചത്. മത്സരത്തിന്റെ 57-ാം മിനിറ്റിലാണ് ഡീന്‍, യങ്ങിനെതിരേ ചുവപ്പുകാര്‍ഡ് പുറത്തെടുത്ത് സെഞ്ചുറി തികച്ചത്. 477 മത്സരങ്ങള്‍ നിയന്ത്രിച്ചതില്‍ നിന്നാണ് ഈ നേട്ടം.
മൂന്ന് മാസമായി 99 ചുവപ്പുകാര്‍ഡില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു ഡീന്‍. പ്രീമിയര്‍ ലീഗില്‍ ഡീന്‍ ആദ്യ ചുവപ്പുകാര്‍ഡ് പുറത്തെടുക്കുന്നത് 18 വര്‍ഷം മുമ്പാണ്. ന്യൂകാസിലിന്റെ നോള്‍ബെര്‍ട്ടോ സൊളാനോക്കെതിരേയായിരുന്നു അത്. പിന്നീടങ്ങോട്ട് ഡീനിന് നല്ല രാശിയായിരുന്നു. പ്രീമിയര്‍ ലീഗ് റഫറിമാരില്‍ ഫില്‍ ഡൗഡ് (67), മൈക്ക് റിലി (66), ഗ്രഹാം പോള്‍ (63), മാര്‍ട്ടിന്‍ അറ്റ്കിന്‍സണ്‍ (58) എന്നിവരാണ് ചുവപ്പിന്റെ കാര്യത്തില്‍ ഡീനിന് പിന്നിലുള്ളത്. ചെല്‍സിക്കും മാഞ്ചെസ്റ്റര്‍ സിറ്റിക്കും എതിരേയാണ് ഡീന്‍ ഏറ്റവും കൂടുതല്‍ ചുവപ്പുകാര്‍ഡ് പുറത്തെടുത്തിട്ടുള്ളത് - ഒമ്പത് വീതം.
Content Highlights: Mike Dean 100 Premier League red cards