ബ്യൂണസ് ഐറിസ്: സ്വന്തം നാട്ടില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി അര്‍ജന്റീന താരം ലയണല്‍ മെസ്സി. എന്തിനാണ് സ്വന്തം രാജ്യക്കാര്‍ തന്നെ അച്ഛനെ കൊല്ലണമെന്ന് പറയുന്നതെന്ന് ആറു വയസുകാരനായ മകന്‍ തന്നോട് ചോദിക്കാറുണ്ടെന്നും മെസ്സി പറഞ്ഞു.
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുമ്പോഴുള്ള ആത്മാര്‍ഥത മെസ്സിക്ക് രാജ്യത്തിനായി കളിക്കുമ്പോള്‍ ഇല്ല എന്നതാണ് വ്യാപമായി ഉയരുന്ന വിമര്‍ശനം.
ലോകകപ്പില്‍ ഫ്രാന്‍സിനെതിരേ തോറ്റ് പുറത്തായ ശേഷം മെസ്സി മൗനം പാലിച്ചതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെ അര്‍ജന്റീനയില്‍ പലരും താന്‍ ഇനി ദേശീയ ടീമിനായി കളിക്കരുതെന്ന് പറഞ്ഞുവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
എട്ടു മാസങ്ങള്‍ക്കു ശേഷം മെസ്സി മടങ്ങിയെത്തിയത് വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു. എന്നാല്‍ 90 മിനിറ്റും കളിച്ചിട്ടും അര്‍ജന്റീനയെ വിജയത്തിലെത്തിക്കാന്‍ മെസ്സിക്കായില്ല. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. ഇതോടെ വിമര്‍ശനങ്ങള്‍ ഒന്നുകൂടി ശക്തമായി.
എന്തിന് ഡാഡിയെ അവര്‍ കൊല്ലാന്‍ പറയുന്നുവെന്ന് ആറു വയസുകാരനായ മകന്‍ തന്നോട് ചോദിക്കാറുണ്ടെന്നും മെസ്സി പറഞ്ഞു.
Content Highlights: messi upset with criticism from argentina fans