മാഡ്രിഡ്: ലാ ലിഗയില്‍ ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്.
മെസ്സി ഹാട്രിക്ക് നേടിയപ്പോള്‍ ഒരു ഗോളും ഒരു അസിസ്റ്റുമായി ലൂയിസ് സുവാരസും കളംനിറഞ്ഞു. ലീഗില്‍ മെസ്സിയുടെ 33-ാം ഹാട്രിക്കായിരുന്നു ഇത്. വിജയത്തോടെ ലാ ലിഗ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 10 പോയന്റിന്റെ ലീഡ് നേടാനും ബാഴ്‌സയ്ക്കായി. 18, 45+2, 85 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. 63-ാം മിനിറ്റില്‍ സുവാരസ് സ്‌കോര്‍ ചെയ്തു. 82-ാം മിനിറ്റില്‍ ലോറന്‍ മോറോന്റെ ബൂട്ടില്‍ നിന്നായിരുന്നു ബെറ്റിസിന്റെ ആശ്വാസ ഗോള്‍.
ബെറ്റിസിന്റെ മൈതാനത്ത് മത്സരത്തിന്റെ തുടക്കംമുതല്‍ തന്നെ ബാഴ്‌സയുടെ ആധിപത്യമായിരുന്നു. 18-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സി ബാഴ്‌സയ്ക്ക് ലീഡ് നല്‍കി. ആദ്യ പകുതിയുടെ അധിക സമയത്ത് മെസ്സി ബാഴ്‌സയുടെ ലീഡുയര്‍ത്തി. പന്തുമായി മുന്നേറിയ സുവാരസിനെ ബെറ്റിസ് ഡിഫന്‍ഡര്‍മാര്‍ വളഞ്ഞു, ഈ സമയത്ത് പന്ത് സ്വീകരിച്ച മെസ്സി ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
മികച്ച രീതിയില്‍ മുന്നേറിയ സുവാരസിന്റെ അവസരമായിരുന്നു അടുത്തത്. 63-ാം മിനിറ്റില്‍ ബാഴ്‌സ ഡിഫന്‍ഡര്‍ പിക്വെയുടെ പാസില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. ഒമ്പത് മിനിറ്റുകള്‍ക്കു ശേഷം ലായിനസിന്റെ അസിസ്റ്റില്‍ നിന്ന് ലോറന്‍ മോറോന്‍ ബെറ്റിസിന്റെ ആശ്വാസ ഗോള്‍ നേടി. 85-ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിന്റെ പാസ് സ്വീകരിച്ച മെസ്സി, ബെറ്റിസ് ഡിറന്‍ഡര്‍മാരെയും ഗോള്‍കീപ്പറെയും കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു.
Content Highlights: Messi scores a hat-trick as Barca move 10 points clear