ലോക തൊഴിലാളി ദിനത്തില്‍ ലിവര്‍പൂളിനെതിരേ ബൂട്ട് കെട്ടി ഇറങ്ങുമ്പോള്‍ കാമ്പ് നൗവില്‍ ആരാധകര്‍ മെസ്സിയില്‍ നിന്ന് ഒരു അത്ഭുതം പ്രതീക്ഷിച്ചിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഒന്നാംപാദ സെമിയുടെ കിക്കോഫിന് മുന്‍പ് ഒരു വലിയ നാഴികക്കല്ലിലേയ്ക്ക് വെറും രണ്ട് ഗോളുകളുടെ അകലമേ ഉണ്ടായിരുന്നുള്ളൂ ഈ അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക്. ബാഴ്‌സയ്ക്കുവേണ്ടിയുള്ള തന്റെ അറന്നൂറാം ഗോള്‍ എന്ന സ്വപ്‌നതുല്ല്യമായ ലക്ഷ്യം ഈ മെയ് ഒന്നിന് തന്നെ മെസ്സി കൈവരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു ആരാധകര്‍ക്ക്. കാരണം പതിനാല് വര്‍ഷം മുന്‍പ് മറ്റൊരു ലോക തൊഴിലാളി ദിനത്തിലാണ് മെസ്സിയുടെ ബൂട്ടില്‍ നിന്ന് ബാഴ്‌സയ്ക്കുവേണ്ടി ആദ്യമായൊരു ഗോള്‍ പിറന്നത്.
മെസ്സി ആരാധകരെ നിരാശരാക്കിയില്ല. ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോളി അലിസ്സണ്‍ ബെക്കെറെ ഞെട്ടിച്ചുകൊണ്ട് സ്വന്തം തട്ടകത്തില്‍ വച്ചു തന്നെ ചരിത്രത്തോട് നീതി പുലര്‍ത്തി. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇരുപത്തിയഞ്ച് വാര അകലെ നിന്നെടുത്ത ഫ്രീകിക്ക് അഞ്ചു പേര്‍ അണിനിരന്ന പ്രതിരോധ ഭിത്തിക്ക് മുകളിലൂടെ വളഞ്ഞുപുളഞ്ഞ് പറന്ന്, വലത്തോട്ട് ഡൈവ് ചെയത അലിസ്സണെയും മറികടന്ന് പോസ്റ്റിന്റെ വലത്തേ മൂലയിലൂടെ വലയില്‍ വന്നു കയറുന്നത് അവിശ്വസനീയതോടെ മാത്രമാണ് സ്‌റ്റേഡിയം കണ്ടുനിന്നത്. ബാഴ്‌സയുടെ ഒന്നാംപാദ സെമി വിജയത്തേക്കാള്‍ അവര്‍ മെസ്സിയുടെ ഇൗ അസുലഭ ചരിത്രനേട്ടം ആഘോഷിച്ചു.
മെയ് ഒന്നിന് രാത്രി ഒരു ബ്രസീലിയനെ കീഴ്‌പ്പെടുത്തിയാണ് അറന്നൂറാം ഗോള്‍ വലയിലാക്കി ചരിത്രം കുറിച്ചതെങ്കില്‍ കൃത്യം പതിനാല് കൊല്ലം മുന്‍പ്, 2005ല്‍, മറ്റൊരു ബ്രസീലിയന്റെ തുണയോടെയാണ് മെസ്സി ബാഴ്‌സയ്ക്കുവേണ്ടി ആദ്യമായി വല ചലിപ്പിച്ചത്. അന്നും ഒരു മെയ് ഒന്ന്.
ആല്‍ബസെറ്റിനെതിരായ ലാലീഗ മത്സരമായിരുന്നു അത്. വലതു പാര്‍ശ്വത്തോട് ചേര്‍ന്ന് ഏതാണ്ട് മൈതാന മധ്യത്തില്‍ നിന്ന് കിട്ടിയ പന്തുമായി ശരവേഗത്തില്‍ ബോക്‌സിലേയ്ക്ക് കുതിക്കുമ്പോള്‍ റൊണാള്‍ഡീന്യോയെ പൂട്ടാന്‍ ചുറ്റും വെള്ളക്കുപ്പായത്തില്‍ വളഞ്ഞത് അഞ്ച് ഡിഫന്‍ഡര്‍മാരായിരുന്നു. എന്നാല്‍, ഈ നേരം ഇടതുഭാഗത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു പതിനേഴുകാരനായ മെസ്സി. രണ്ടാമതൊന്ന് ആലോചിക്കാതെ തന്ത്രപരമായി പന്ത് പ്രതിരോധഭടന്മാരുടെ തലയ്ക്ക് മുകളിലൂടെ ബോക്‌സിലേയ്ക്ക് കോരിയിട്ടുകൊടുത്തു റൊണാള്‍ഡീന്യോ. ഓഫ്‌സൈഡായേക്കാവുന്ന പൊസിഷനില്‍ നിന്ന് ബോക്‌സിലേയ്ക്ക് ഓടിക്കയറിയ മെസ്സി ഇടങ്കാല്‍ കൊണ്ട് പന്ത് പിടിച്ച് നിയന്ത്രിച്ച് രണ്ടാമത്തെ ബൗണ്‍സില്‍, വലത്തോട്ട് ചാടിയ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ ഇടങ്കാല്‍ കൊണ്ടു തന്നെ വലയിലേയ്ക്ക് ചെത്തിയിടുകയായിരുന്നു മെസ്സി. ഇത്തരം മുഹൂര്‍ത്തങ്ങള്‍ പിന്നെ എത്രയോ തവണ കളിക്കളത്തില്‍ പിറന്നെങ്കിലും ആദ്യഗോള്‍ നേടിയ കുഞ്ഞുമെസ്സിയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന റൊണാള്‍ഡീന്യോയുടെ ചിത്രം ഇന്നും മായാതെ നില്‍പ്പുണ്ട് ബാഴ്‌സ ആരാധകരുടെ മനസ്സില്‍.
ഒന്‍പത് കളികള്‍ കളിച്ച ആ സീസണില്‍ ഈയൊരൊറ്റ ഗോള്‍ മാത്രമാണ് മെസ്സിക്ക് നേടാനായത്. എന്നാല്‍ വലിയൊരു ചരിത്രം പിറക്കാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അടുത്ത സീസണ്‍ മുതല്‍ മെസ്സി ബാഴ്‌സ നിരയില്‍ സ്ഥിരക്കാരനായി. ഗോളുകള്‍ പിറന്നുകൊണ്ടേയിരുന്നു ആ ബൂട്ടില്‍ നിന്ന്. രണ്ടാമത്തെ സീസണില്‍ എട്ട് ഗോള്‍. പിന്നെ പതിനേഴ്... 2011-12 സീസണില്‍ 73 ഉം അടുത്ത വര്‍ഷം 60ഉം ഗോള്‍ വരെ നേടി മെസ്സി. അങ്ങനെ അറന്നൂറ്റി എണ്‍പത്തിമൂന്നാം മത്സരത്തില്‍ നിന്ന് അറന്നൂറാം ഗോളും. ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിലെ അറന്നൂറാം ഗോള്‍ നേടി ദിവസങ്ങള്‍ക്കുള്ളിലാണ് മെസ്സിയും ബാഴ്‌സയ്ക്കുവേണ്ടി അറന്നൂറാം ഗോള്‍ നേടിയത് എന്നത് മറ്റൊരു യാദൃശ്ചികതയായി. ബാഴ്‌സയുടെ സി, ബി ടീമുകള്‍ക്കുവേണ്ടിയും ഗോള്‍ നേടിയിട്ടുള്ള മെസ്സി ക്ലബ് കരിയറില്‍ മൊത്തം 611 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഇതോടെ ക്ലബ് തലത്തില്‍ അറന്നൂറ് ഗോള്‍ തികയ്ക്കുന്ന ഏഴാമത്തെ താരമായിരിക്കുകയാണ് മെസ്സി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെലെ, റൊമാരിയോ മുള്ളര്‍, ജോസഫ് ബിക്കന്‍ ഫ്രാങ്ക് പുഷ്‌കാസ് എന്നിവരാണ് ഈ നേട്ടത്തില്‍ മെസ്സിയുടെ മുന്‍ഗാമികള്‍.
Content Highlights: Messi Scores 600 th Goal For Barcelona Uefa Champions League Liverpool