മാഡ്രിഡ്: വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ തോറ്റതിനു പിന്നാലെ അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി ലയണല്‍ മെസ്സിയുടെ പരിക്ക്.
അടിവയറ്റിലെ പേശിക്ക് പരിക്കേറ്റ മെസ്സി മൊറോക്കോയ്‌ക്കെതിരേ ചൊവ്വാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തില്‍ കളിക്കില്ല. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മെസ്സി 90 മിനിറ്റും കളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഫ്രിക്കന്‍ ടീമിനെതിരായ അടുത്ത മത്സരത്തില്‍ മെസ്സി ഉണ്ടാകില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചത്. എന്നാല്‍ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ എത്ര സമയത്തെ വിശ്രമം ആവശ്യമാണെന്നോ തുടങ്ങിയ വിവരങ്ങള്‍ ഫെഡറേഷന്‍ പുറത്തുവിട്ടിട്ടില്ല.
ഇതാദ്യമായല്ല മെസ്സിയെ അടിവയറ്റിലെ പേശിയിലെ പരിക്ക് വലയ്ക്കുന്നത്. 2016, 2017 വര്‍ഷങ്ങളില്‍ ഇതേ കാരണത്താല്‍ മെസ്സിക്ക് അര്‍ജന്റീനയുടെ മത്സരങ്ങള്‍ നഷ്ടമായിരുന്നു.
അതേസമയം മെസ്സിയുടെ പരിക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെയാണ്. ഏപ്രില്‍ 11-ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ ബാഴ്‌സയ്ക്ക് മത്സരമുണ്ട്. കൂടാതെ മെയ് 25-ന് വലന്‍സിയയുമായി കോപ്പ ഡെല്‍ റേ ഫൈനലിനും ബാഴ്‌സയ്ക്ക് ഇറങ്ങേണ്ടതുണ്ട്.
അതേസമയം ഇടത് തുടയിലെ പേശിക്ക് പരിക്കേറ്റ അറ്റ്‌ലാന്റ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഗോണ്‍സാലോ മാര്‍ട്ടിനസും അടുത്ത മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി കളിക്കില്ല.
Content Highlights: messi ruled out of argentina action with groin injury