സൂറിച്ച്: ക്ലബുകളാണ് ഫുട്‌ബോള്‍ താരങ്ങളുടെ പ്രാണന്‍. ഫിഫയുടെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പിലും കളിക്കാരുടെ ഈ ക്ലബ് സ്‌നേഹം പ്രകടം. അഞ്ചാം വട്ടവും കിരീടം നേടിയ ലയണല്‍ മെസ്സി തന്റെ ഒന്നാം വോട്ട് നല്‍കിയത് ബാഴ്‌സലോണയിലെ തന്റെ സഹതാരം ലൂയിസ് സുവാരസിന്. മെസ്സിയുടെ എതിരാളിയായ ക്രിസ്റ്റിയാനോ ഒന്നാം വോട്ട് ചെയ്തതാവട്ടെ റയലിലെ തന്റെ സഹ ടീമംഗമായ ഫ്രഞ്ച് താരം കരിം ബെന്‍സേമയ്ക്ക്. എന്നാല്‍, ഇവരുടെ വോട്ട് കൊണ്ട് സുവാരസിനും ബെന്‍സേമയ്ക്കും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്താനായില്ല.
മെസ്സിയുടെ ആദ്യ മൂന്ന് വോട്ടും ബാഴ്‌സ താരങ്ങള്‍ക്കായിരുന്നു. സുവാരസ്, നെയ്മര്‍, ഇനിയേസ്റ്റ. റൊണാള്‍ഡോയുടെ ആദ്യ മൂന്ന് വോട്ടും റയല്‍ താരങ്ങള്‍ക്ക് തന്നെ. ബെന്‍സേമയ്ക്ക് പുറമെ ഹാമസ് റോഡ്രിഗസ് ഗരാത് ബെയ്ല്‍ എന്നിവര്‍ക്കായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ വോട്ട്.
ഫുട്ബാളില്‍ ബദ്ധവൈരികളാണ് അര്‍ജന്റീനയും ഇംഗ്ലണ്ടും. എന്നാല്‍, ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിയുടെ വോട്ട് അര്‍ജന്റൈന്‍ താരമായ മെസ്സിക്കാണ്. റൂണിയുടെ മൂന്നാം വോട്ട് മാത്രമാണ് പഴയ യുണൈറ്റഡ് ടീമംഗമായ റൊണാള്‍ഡോയ്ക്ക് ലഭിച്ചത്. റൂണിയുടെ രണ്ടാം വോട്ടങ്ങ ബയറണിന്റെ തോമസ് മുള്ളര്‍ക്കായിരുന്നു.