പാരിസ്: ലോകകപ്പിനിടെ ഫ്രഞ്ച് ടീമിലെ സഹതാരമായ എന്‍ഗോളോ കാന്റെയെ പി.എസ്.ജിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി കിലിയന്‍ എംബാപ്പെ. നിലവില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ താരമാണ് കാന്റെ.
ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തിലെ പി.എസ്.ജിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നു തന്നെ കാന്റെയെ ടീമിലെത്തിക്കുക എന്നതാണ്. ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായത് മിഡ്ഫീല്‍ഡിലെ കാന്റെയുടെ സ്ഥിരതയാര്‍ന്ന പ്രകടനം കൂടിയായിരുന്നു. ചെല്‍സിക്കൊപ്പവും ലെസ്റ്റര്‍ സിറ്റിക്കൊപ്പവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ താരമാണ് കാന്റെ.
അദ്ദേഹത്തെ ക്ലബിലെത്തിക്കുന്നതിനെ കുറിച്ച് പി.എസ്.ജി അധികൃതര്‍ തന്നോട് സംസാരിച്ചിരുന്നുവെന്നാണ് എംബാപ്പെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖെലൈഫി തന്നെയാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ലോകകപ്പിനിടെ താന്‍ കാന്റെയോട് സംസാരിച്ചിരുന്നു. ലോകകപ്പിനിടയിലായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അമിത സമ്മര്‍ദം ചെലുത്തിയിരുന്നില്ല. ചില കാര്യങ്ങള്‍ സൂചിപ്പിച്ചു. എല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം തീരുമാനം മെസേജ് അയക്കാനും കാന്റെയോട് പറഞ്ഞിരുന്നു, എംബാപ്പെ വ്യക്തമാക്കി.
എങ്ങനേയും കാന്റെയെ ടീമിലെത്തിക്കാനാണ് പി.എസ്.ജി ശ്രമിക്കുന്നത്. 100-132 മില്ല്യന്‍ യൂറോയാണ് അവര്‍ കാന്റെയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം കാന്റെ ടീം വിടുകയാണെങ്കില്‍ ലിയോണിന്റെ ടാന്‍ഗൈ എന്‍ഡൊബെലെയെ ടീമിലെത്തിക്കാനാണ് ചെല്‍സിയുടെ തീരുമാനം.
2016-ല്‍ 32 മില്ല്യന്‍ യൂറോയ്ക്കാണ് ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് കാന്റെ ചെല്‍സിയിലെത്തുന്നത്. നിലവില്‍ ചെല്‍സിയുമായി കാന്റെയ്ക്ക് അഞ്ചുവര്‍ഷത്തെ കരാറുണ്ട്.
Content Highlights: mbappe i told kante to join psg during world cup