ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തോട് അടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോട്ടനത്തെ തകര്‍ത്താണ് സിറ്റി കിരീടത്തോട് അടുത്തത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനോട് തോറ്റ് പുറത്തായ സിറ്റിയുടെ പ്രതീക്ഷ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലാണ്.
ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. 22-ാം മിനിറ്റില്‍ തന്നെ ബ്രസീല്‍ യുവതാരം ഗബ്രിയേല്‍ ജീസസിലൂടെ സിറ്റി മുന്നിലെത്തി. മൂന്നു മിനിറ്റിനുള്ളില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇല്‍കായ് ഗുന്‍ഡോകന്‍ സിറ്റിയുടെ ലീഡുയര്‍ത്തി. എന്നാല്‍ 42-ാം മിനിറ്റില്‍ ടോട്ടനം ഒരു ഗോള്‍ തിരിച്ചടിച്ചു. ക്രിസ്റ്റിയന്‍ എറിക്‌സണാണ് ലക്ഷ്യം കണ്ടത്.
72-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങും കൂടി ലക്ഷ്യം കണ്ടതോടെ സിറ്റി വിജയമുറപ്പിച്ചു. 33 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റുമായി രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ 16 പോയിന്റ് മുന്നിലാണ് സിറ്റി.
അതേസമയം ബൗണ്‍മൗത്തിനെ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ സാഡിയോ മാനെയാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 69-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലീഡുയര്‍ത്തി. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ റോബര്‍ട്ടൊ ഫര്‍മീഞ്ഞോ കൂടി ലക്ഷ്യം കണ്ടതോടെ ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 34 മത്സരങ്ങളില്‍ 70 പോയിന്റുമായി മൂന്നാമതാണ് ലിവര്‍പൂള്‍.
Content Highlights: Manchesterv City and Liverpool Win in EPL Matches
Share this Article
Related Topics