ഓള്‍ഡ് ട്രാഫഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.
യുണൈറ്റഡിനായി മൂന്നാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും 83-ാം മിനിറ്റില്‍ ലൂക്ക് ഷോയും ഗോളുകള്‍ നേടി. ഇന്‍ജുറി ടൈമില്‍ ജാമി വാര്‍ഡിയുടെ വകയായിരുന്നു ലെസ്റ്ററിന്റെ ആശ്വാസഗോള്‍.
ഈ സീസണില്‍ ബാഴ്‌സയിലേക്കു പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും പോള്‍ പോഗ്ബയെ നായകനാക്കിയാണ് ഹോസെ മൗറീന്യോ സീസണിലെ ആദ്യ മത്സരത്തില്‍ ടീമിനെ ഇറക്കിയത്.
മത്സര ശേഷം പോഗ്ബയുടെ പ്രകടനത്തെ പ്രകീര്‍ത്തിക്കാനും മൗറീന്യോ മറന്നില്ല. അയാളൊരു ഭീകരനാണെന്നായിരുന്നു മൗറീന്യോയുടെ കമന്റ്. പോഗ്ബയ്ക്ക് 60 മിനിറ്റേ കളിക്കാന്‍ സാധിക്കൂ എന്നാണ് കരുതിയതെന്നും എന്നാല്‍ അയാള്‍ 80 മിനിറ്റോളം ഗ്രൗണ്ടില്‍ തുടര്‍ന്നെന്നും മൗറീന്യോ പറഞ്ഞു.
ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തിനു ശേഷം ഒഴിവുകാലം ആസ്വദിക്കുകയായിരുന്ന പോഗ്ബ ഈ ആഴ്ച മാത്രമാണ് യുണൈറ്റഡിനൊപ്പം ചേര്‍ന്നത്.
Content highlights: manchester united, leicester city, english premier league