റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളിലും യുവെയ്ക്ക് തോല്‍വി; യുണൈറ്റഡിന്റെ ജയം സെല്‍ഫ് ഗോളില്‍


2 min read
Read later
Print
Share

ബെനൂച്ചി ബോക്‌സിലേക്കു നീട്ടി നല്‍കിയ ഒരു ലോങ് പാസ്, പന്തിനെ പിടിച്ചു നിര്‍ത്താനൊന്നും ശ്രമിക്കാതെ കിടിലന്‍ വോളിയിലൂടെ റൊണാള്‍ഡോ വലയിലേക്ക് അടിച്ചുകയറ്റി.

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന് സീസണിലെ ആദ്യ തോല്‍വി. ക്ലബ്ബിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ കണ്ടെത്തിയ മത്സരത്തിലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ യുവെന്റസ് തോല്‍വി വഴങ്ങിയത്.

യുവെയുടെ മൈതാനത്ത് ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ നേടിയാണ് മഞ്ചെസ്റ്റര്‍ വിജയം നേടിയത്. യുവെന്റസ് ഡിഫന്‍ഡര്‍ അലക്സ് സാന്‍ഡ്രോയുടെ സെല്‍ഫ് ഗോള്‍ മാഞ്ചെസ്റ്ററിന് തുണയായി. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒടുവില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു കിടിലന്‍ പ്രകടനമാണ് യുവെയെ മുന്നിലെത്തിച്ചത്.

65-ാം മിനിറ്റില്‍ ബെനൂച്ചി ബോക്‌സിലേക്കു നീട്ടി നല്‍കിയ ഒരു ലോങ് പാസ്, പന്തിനെ പിടിച്ചു നിര്‍ത്താനൊന്നും ശ്രമിക്കാതെ കിടിലന്‍ വോളിയിലൂടെ റൊണാള്‍ഡോ വലയിലേക്ക് അടിച്ചുകയറ്റി. ഗോള്‍ കീപ്പര്‍ ഡി ഗിയ പോലും ഈ ഗോള്‍ കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്നു. ഗോള്‍ നേടിയ ശേഷം തന്റെ സിക്‌സ്പാക്ക് കാണികളെ കാണിച്ചാണ് റൊണാള്‍ഡോ ആഘോഷിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ മഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ റൊണാള്‍ഡോ നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്.

എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ മഞ്ചെസ്റ്റര്‍ മത്സരം പിടിച്ചെടുക്കുകയായിരുന്നു. 86-ാം മിനിറ്റില്‍ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ സ്പാനിഷ് താരം യുവാന്‍ മാറ്റ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ ആഷ്‌ലി യങ്ങിന്റെ ഫ്രീകിക്കില്‍ നിന്ന് യുണൈറ്റഡിന്റെ വിജയ ഗോളും വന്നു. യുവെന്റസ് ഡിഫന്‍ഡര്‍ അലക്സ് സാന്‍ഡ്രോയുടെ ദേഹത്തു തട്ടി പന്ത് യുവെന്റസ് വലയിലെത്തുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം തവണയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് യുവെന്റസിനെ എവേ മത്സരത്തില്‍ പരാജയപ്പെടുത്തുന്നത്. തോറ്റെങ്കിലും നാലു മത്സരങ്ങളില്‍ നിന്ന് ഒന്‍പതു പോയന്റുകളുമായി യുവെന്റസ് തന്നെയാണ് ഗ്രൂപ്പ് എച്ചില്‍ ഒന്നാമത്. നാലു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുകളുമായി മഞ്ചെസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതാണ്.

Content Highlights: manchester united evoke win against juventus

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram