ടൂറിന്‍: കഴിഞ്ഞ ദിവസം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ് സീസണിലെ ആദ്യ തോല്‍വി വഴങ്ങിയിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റുകളിലെ രണ്ടു ഗോളുകളിലൂടെ യുണൈറ്റഡ് മത്സരം പിടിച്ചെടുക്കുകയായിരുന്നു.
യുവെന്റസ് ഡിഫന്‍ഡര്‍ അലക്‌സ് സാന്‍ഡ്രോയുടെ സെല്‍ഫ് ഗോളാണ് യുണൈറ്റഡിന്റെ വിജയത്തില്‍ നിര്‍ണായകമായത്. പരാജയത്തില്‍ യുവെയുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കടുത്ത നിരാശയിലാണ്. മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിജയം അര്‍ഹിച്ചിരുന്നില്ലെന്നു തന്നെ റൊണാള്‍ഡോ തുറന്നടിച്ചു.
തന്റെ മുന്‍ ടീമിനോട് യാതൊരു സഹതാപവും പ്രകടിപ്പിക്കാതെയായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍. വിജയിക്കാന്‍ മാത്രം യുണൈറ്റഡ് ഒന്നും ചെയ്തില്ല. മത്സരത്തിന്റെ 90 മിനിറ്റും ഞങ്ങളാണ് മുന്നിട്ടു നിന്നത്. നിറയെ അവസരങ്ങളും ഉണ്ടായിരുന്നു. മൂന്നോ നാലോ അവസരങ്ങള്‍ തീര്‍ച്ചയായും ഗോളാകേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അവസരങ്ങള്‍ മുതലാക്കാനായില്ല, അവസാനം അതിനുള്ള ശിക്ഷയും കിട്ടി, റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ജയത്തിനായി ഒന്നും തന്നെ ചെയ്തില്ല. ഭാഗ്യം എന്ന വാക്കുപോലും അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. കാരണം ഭാഗ്യം നമ്മള്‍ സൃഷ്ടിച്ചെടുക്കേണ്ടതാണ്, അവരുടെ കാര്യത്തില്‍ ഞങ്ങള്‍ അവര്‍ക്ക് അത് സമ്മാനിക്കുകയായിരുന്നു, റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ യുവെന്റസിന്റെ ഏക ഗോള്‍ നേടിയത് റൊണാള്‍ഡോയായിരുന്നു. 65-ാം മിനിറ്റില്‍ ബെനൂച്ചി ബോക്സിലേക്കു നീട്ടി നല്‍കിയ ഒരു ലോങ് പാസ്, പന്തിനെ പിടിച്ചു നിര്‍ത്താനൊന്നും ശ്രമിക്കാതെ കിടിലന്‍ വോളിയിലൂടെ റൊണാള്‍ഡോ വലയിലേക്ക് അടിച്ചുകയറ്റി. ഗോള്‍ കീപ്പര്‍ ഡി ഗിയ പോലും ഈ ഗോള്‍ കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്നു. ഗോള്‍ നേടിയ ശേഷം തന്റെ സിക്സ്പാക്ക് കാണികളെ കാണിച്ചാണ് റൊണാള്‍ഡോ ആഘോഷിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ മഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ റൊണാള്‍ഡോ നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്.
Content Highlights: manchester united did nothing to deserve the victory ronaldo