മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ജേതാക്കളായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സ്വന്തം മൈതാനത്ത് അപ്രതീക്ഷിത തോല്‍വി.
എത്തിഹാദ് മൈതാനത്ത് വോള്‍വ്‌സാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്തത്. മികച്ച കൗണ്ടര്‍ അറ്റാക്കുകളായിരുന്നു വോള്‍വ്‌സിന്റെ ആയുധം. അഡാമ ട്രയോറെയുടെ ഇരട്ട ഗോളുകളാണ് വോള്‍വ്‌സിന് ജയമൊരുക്കിയത്.
ഗ്വാര്‍ഡിയോളക്കു കീഴില്‍ കളിച്ച 61 ഹോം മത്സരങ്ങളില്‍ സിറ്റിയുടെ നാലാം തോല്‍വിയാണിത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 80-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജിമ്മെന്‍സിന്റെ പാസില്‍ നിന്നാണ് ട്രയോറെ വോള്‍വ്‌സിനെ മുന്നിലെത്തിച്ചത്.
സമനില ഗോള്‍ നേടാനുള്ള സിറ്റിയുടെ ശ്രമങ്ങളെയെല്ലാം വോള്‍വ്‌സ് കോട്ടകെട്ടി തടുത്തു. പിന്നീട് അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ ജിമ്മെന്‍സും ട്രയോറെയും ചേര്‍ന്നുള്ള മുന്നേറ്റം തന്നെയാണ് ഗോളില്‍ കലാശിച്ചത്.
ഈ സീസണില്‍ സിറ്റിയുടെ രണ്ടാം തോല്‍വിയാണിത്. നോര്‍വിച്ച് സിറ്റിയോടായിരുന്നു അവരുടെ ആദ്യ തോല്‍വി. എട്ടു മത്സരങ്ങളില്‍ നിന്ന് 16 പോയന്റ് മാത്രമുള്ള സിറ്റി, പട്ടികയില്‍ ഒന്നാമതുള്ള ലിവര്‍പൂളിനേക്കാള്‍ എട്ടു പോയന്റ് പിന്നിലാണ്.
Content Highlights: Manchester City lost to Wolves