സിറ്റിക്കും സലക്കും റെക്കോഡ്; ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത


2 min read
Read later
Print
Share

22 വര്‍ഷം ആഴ്സനല്‍ ടീമിന്റെ പരിശീലകനായിരുന്ന ആഴ്സന്‍ വെങ്ങര്‍ക്ക് വീരോചിതമായ യാത്രയയപ്പ്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ഈ സീസണ് തിരശ്ശീല വീണു. സംഭവബഹുലമായ കഥയുമായാണ് ഓരോ ടീമും അരങ്ങില്‍ നിന്ന് മടങ്ങുന്നത്. പ്രീമിയര്‍ ലീഗ് സീസണിന്റെ സമാപനദിനത്തില്‍ പിറന്ന ഒരു ജോഡി റെക്കോഡും 22 വര്‍ഷം ആഴ്സനല്‍ ടീമിന്റെ പരിശീലകനായിരുന്ന ആഴ്സന്‍ വെങ്ങര്‍ക്ക് വീരോചിതമായ യാത്രയയപ്പും ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാനേട്ടവും അവസാന മത്സരങ്ങളെ സമ്പന്നമാക്കി. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ മുന്‍ചാമ്പ്യന്മാരായ ചെല്‍സി മടക്കമില്ലാത്ത മൂന്നു ഗോളിന് (0-3) ന്യൂകാസില്‍ യുണൈറ്റഡിനുമുന്നില്‍ അടിയറവുപറഞ്ഞു.

സതാംപ്ടണിന്റെ തട്ടകമായ സെയ്ന്റ് മേരീസ് സ്റ്റേഡിയത്തില്‍ ആതിഥേയരെ ഇഞ്ചുറി ടൈമില്‍ (90+4) ഗബ്രിയേല്‍ ജീസസ് നേടിയ ഗോളിന് അടിയറവ് പറയിച്ച ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ 100 പോയന്റ് നേടുന്ന ആദ്യടീമായി. സീസണില്‍ 32 വിജയം നേടിയാണ് 100 പോയന്റെന്ന റെക്കോഡ് നേട്ടത്തിലേക്ക് സിറ്റി പറന്നുകയറിയത്. ഈ കളിയില്‍ സിറ്റി സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നുറപ്പിച്ച സന്ദര്‍ഭത്തിലായിരുന്നു ജീസസിന്റെ ഗോള്‍.

സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേട്ടവും സ്ട്രൈക്കര്‍ മുഹമ്മദ് സലയുടെ റെക്കോഡ് ഗോള്‍ നേട്ടവും ലക്ഷ്യമിട്ടാണ് ലിവര്‍പൂള്‍ ബ്രൈട്ടണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണിനെതിരേ കളിക്കാനിറങ്ങിയത്. എതിരാളികളെ മടക്കമില്ലാത്ത നാലു ഗോളിന് (4-0) തോല്‍പ്പിച്ച ലിവര്‍പൂള്‍ ഇരട്ടലക്ഷ്യം സാര്‍ഥകമാക്കി. 26-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ആദ്യഗോള്‍ നേടിത്തന്നെ ഈജിപ്തില്‍നിന്നുള്ള 25-കാരനായ സല റെക്കോഡിലെത്തി. പ്രീമിയര്‍ ലീഗില്‍ സലയുടെ 32-ാമത്തെ ഗോളായിരുന്നു ഇത്. 38 മത്സരങ്ങളുള്ള പ്രീമിയര്‍ ലീഗില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോഡ് 31 ഗോളാണ്. അലന്‍ ഷിയറര്‍ (1995-96), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (2007-08), ലൂയി സുവാരസ് (2013-14) എന്നിവരോടൊപ്പം 31 ഗോള്‍ നേടി പങ്കുവെച്ച റെക്കോഡാണ് സല ഒറ്റയ്ക്ക് സ്വന്തമാക്കിയത്. സലയുടെ ഈ പ്രകടനം ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പാക്കി. ലോവ്റന്‍ (40), സോളങ്കെ (53), റോബര്‍ട്സണ്‍ (85) എന്നിവരുടെ വകയായിരുന്നു ലിവര്‍പൂളിന്റെ മറ്റു ഗോളുകള്‍.

ഹഡേഴ്സ് ഫീല്‍ഡിന്റെ തട്ടകമായ ജോണ്‍ സ്മിത്ത് സ്റ്റേഡിയത്തില്‍ ഒന്നാം പകുതിയില്‍ ഔബമെയാങ് (38ാം മിനിറ്റ്) നേടിയ ഗോള്‍ ആഴ്സന്‍ വെങ്ങറുടെ ആഴ്സനലിന് വിജയം സമ്മാനിച്ചു. മത്സരം 22 മിനിറ്റ് പിന്നിട്ടപ്പോള്‍ ഹഡേഴ്സിന്റെ ആരാധകരടക്കം സ്റ്റേഡിയം നിറഞ്ഞ കാണികള്‍ കൈയടിച്ച് വെങ്ങറോട് ആദരവ് പ്രകടിപ്പിച്ചു. ആഴ്സനലിനൊപ്പമുള്ള അവസാന മത്സരം ജയിച്ച് പ്രീമിയര്‍ ലീഗിനോട് ഫ്രഞ്ചുകാരനായ ഇതിഹാസ പരിശീലകന്‍ വിടചൊല്ലി.

ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ ചെല്‍സിക്ക് രണ്ടു കടമ്പകളുണ്ടായിരുന്നു. ഒന്ന്, പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ തോല്‍ക്കണം. രണ്ട്, എതിരാളികളായ ന്യൂകാസിലിനെ തോല്‍പ്പിക്കണം. രണ്ടും പാളി. ലിവര്‍പൂള്‍ വന്‍മാര്‍ജിനില്‍ ജയിച്ചപ്പോള്‍ ചെല്‍സി ഏകപക്ഷീയമായ തോല്‍വി വഴങ്ങുകയും ചെയ്തു. അയോസി പെരെസിന്റെ ഇരട്ടഗോളും (59, 63) ഗെയ്ലിന്റെ (23) ഗോളുമാണ് ന്യൂകാസിലിന് വിജയമേകിയത്.

തോല്‍വിയോടെ 38 കളിയില്‍ 70 പോയന്റുമായി ചെല്‍സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ നാലു സ്ഥാനക്കാരാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടുക. ഈ സ്ഥാനങ്ങള്‍ യഥാക്രമം മാഞ്ചെസ്റ്റര്‍ സിറ്റി (100 പോയന്റ്), മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് (81), ടോട്ടനം ഹോട്സ്?പര്‍ (77), ലിവര്‍പൂള്‍ (75) ടീമുകള്‍ സ്വന്തമാക്കി. ചെല്‍സിക്കുപിന്നില്‍ ആഴ്സനല്‍ (63) ആറാം സ്ഥാനത്തെത്തി. ചെല്‍സിയും ആഴ്സനലും യൂറോപ്പ ലീഗിന് യോഗ്യതനേടി.

പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മറ്റു കളികളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വാറ്റ്ഫഡിനെയും (1-0) ടോട്ടനം ലെസ്റ്റര്‍ സിറ്റിയെയും (5-4) ക്രിസ്റ്റല്‍ പാലസ് വെസ്റ്റ്ബ്രോമിനെയും (2-0) വെസ്റ്റ്ഹാം എവര്‍ട്ടണിനെയും (3-1), സ്റ്റോക്ക് സിറ്റി സ്വാന്‍സീ സിറ്റിയെയും (2-1) ബേണ്‍മത്ത് ബേണ്‍ലിയെയും (2-1) പരാജയപ്പെടുത്തി.

Content Highlights: Manchester City and Mohamed Salah end their record-breaking Premier League seasons in style

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram