ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴയോടെ കൊട്ടിക്കലാശം. ചാമ്പ്യന്‍മാരായ ചെല്‍സി അവസാന മത്സരത്തില്‍ (5-1) സണ്ടര്‍ലന്‍ഡിനെയും ടോട്ടനം (7-1) ഹള്‍ സിറ്റിയെയും മാഞ്ചെസ്റ്റര്‍ സിറ്റി (5-0) വാറ്റ്ഫഡിനെയും ലിവര്‍പൂള്‍ (3-0) മിഡില്‍സ്ബറോയെയും ആഴ്സനല്‍ (3-1) എവര്‍ട്ടണെയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് (2-0) ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തി.
വിജയത്തോടെ മാഞ്ചെസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. ചെല്‍സിയും ടോട്ടനവും നേരത്തെതന്നെ ചാമ്പ്യന്‍സ് ലീഗ് കടമ്പ കടന്നിരുന്നു.അഞ്ചാം സ്ഥാനത്ത് പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കിയ ആഴ്സനല്‍ യൂറോപ്പ ലീഗിന് യോഗ്യത നേടി.
മിച്ചി ബാറ്റ്ഷുവായിയുടെ ഇരട്ട ഗോളും വില്യാന്‍, ഈഡന്‍ ഹസാര്‍ഡ്, പെഡ്രോ എന്നിവരുടെ ഗോളുമാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. ജാവിയര്‍ മാന്‍കിലോ സണ്ടര്‍ലന്‍ഡിന്റെ ഗോള്‍ മടക്കി. ഹാരി കെയ്നിന്റെ ഹാട്രിക്കും ഡെലെ അലി, വിക്ടര്‍ വന്യാമ, ബെന്‍ ഡേവിസ്, ടോബി ആല്‍ഡെര്‍വെയ്റെള്‍ഡ് എന്നിവരുടെ ഗോളുമാണ് ടോട്ടനത്തിന് വമ്പന്‍ വിജയം നല്‍കിയത്. സാം ക്ലൂക്കാസ് ഹള്ളിന്റെ ഗോള്‍ മടക്കി.
സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോ രണ്ടും വിന്‍സെന്റ് കൊമ്പനി, ഫെര്‍ണാണ്ടീന്യോ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ഒന്നും ഗോളുകള്‍ നേടി. ജോര്‍ജിനിയോ വെയ്നാള്‍ഡം, ഫിലിപ്പെ കുട്ടീന്യോ, ആദം ലല്ലാന എന്നിവരുടെ ഗോളുകളിലാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് പ്ലേ - ഓഫിന് യോഗ്യത നേടിയത്.
ഹെക്ടര്‍ ബെല്ലെറിന്‍, അലക്സിസ് സാഞ്ചെസ്, ആരോണ്‍ റാംസി, എന്നിവര്‍ ആഴ്സനലിനായി സ്‌കോര്‍ ചെയ്തു. റോമേലു ലുക്കാക്കു എവര്‍ട്ടണിന്റെ ഗോള്‍ നേടി. ജോഷ് ഹാരെപ്പ്, പോള്‍ പോഗ്ബ എന്നിവരാണ് യുണൈറ്റഡിന്റെ വിജയ ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാവുമ്പോള്‍ 93 പോയന്റാണ് ചാമ്പ്യന്‍മാരായ ചെല്‍സിയുടെ സമ്പാദ്യം.