മ്യൂണിക്ക്: നിലവിലെ ചാമ്പ്യന്‍ ബാഴ്‌സലോണയും മുന്‍ ചാമ്പ്യന്മാരായ ബയറണ്‍ മ്യൂണിക്കും കൂടി എത്തിയതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ബയറണ്‍ നിലവിലെ റണ്ണറപ്പായ യുവന്റസിനെയും (4-2) ബാഴ്‌സ ആഴ്‌സനലിനെയുമാണ് (3-1) തോല്‍പിച്ചത്.
മുള്ളര്‍ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലും രണ്ട് പകരക്കാര്‍ എക്‌സ്ട്രാ ടൈമിലും നേടിയ ഗോളുകള്‍ക്കാണ് ബയറണ്‍ യുവന്റസിനെ മറികടന്നത്. ഇതോടെ രണ്ടു പാദങ്ങളിലുമായുള്ള അവരുടെ ഗോള്‍ശരാശരി 6-4 ആയി.
2-1 എന്ന സ്‌കോറില്‍ പിന്നിട്ടുനിന്നശേഷമായിരുന്നു എക്‌സ്ട്രാ ടൈം ഗോളുകളില്‍ ബയറണിന്റെ ഉജ്വലമായ തിരിച്ചുവരവ്. അഞ്ചാം മിനിറ്റില്‍ പോഗ്ബയിലൂടെ ഗോളില്‍ യുവന്റസാണ് ആദ്യം ലീഡ് നേടിയത്. 28-ാം മിനിറ്റില്‍ ക്വാഡ്രാഡോ ലീഡുയര്‍ത്തി. 73-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയാണ് ബയറണിനുവേണ്ടി ആദ്യം വല ചലിപ്പിച്ചത്. ബയറണ്‍ തോല്‍വി ഉറപ്പിച്ചുനില്‍ക്കെ 91-ാം മിനിറ്റില്‍ മുള്ളര്‍ സമനില ഗോള്‍ നേടി. രണ്ട് പാദങ്ങളിലെയും ഗോള്‍ശരാശരി 4-4. മത്സരം ടൈബ്രേക്കറിലേയ്ക്ക് നീളുമെന്ന് ഏതാണ്ട് ഉറപ്പിച്ചുനില്‍ക്കെയാണ് 108-ാം മിനിറ്റില്‍ തിയാഗോ അല്‍കാന്ററ ബയണിനെ മുന്നിലെത്തിച്ചത്. തിരിച്ചടിക്കുന്നതിനെക്കുറിച്ച് യുവന്റസ് ആലോചിച്ചു തുടങ്ങും മുന്‍പ് തന്നെ 110-ാം മിനിറ്റില്‍ കോമാന്‍ വല ചലിപ്പിച്ച് ബയറണിന്റെ വിജയമുറപ്പിച്ചു.
101-ാം മിനിറ്റില്‍ ഫ്രാങ്ക് റിബറിക്ക് പകരമിറങ്ങിയ തിയാഗോ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ആദ്യം പന്ത് ഗോള്‍ ഏരിയയില്‍ മുള്ളര്‍ക്ക് നല്‍കി. മുള്ളര്‍ തിരിച്ചുനല്‍കിയ പന്ത് മനോഹരമായി വലയിലേയ്ക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. ടൂറിനില്‍ നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് യുവന്റസ് സമനില നേടിയത്.
രണ്ടുപാദങ്ങളിലുമായി 5-1 എന്ന മികച്ച ശരാശരിയില്‍ ആഴ്‌സനലിനെ മറികടന്നാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ് തുടര്‍ച്ചയായ ഒന്‍പതാം തവണയും ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പതിനെട്ടാം മിനിറ്റില്‍ നെയ്മറാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 51-ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ മിഡ്ഫീല്‍ഡല്‍ മുഹമ്മദ് എല്‍നെനിയയുടെ ഗോളിലൂടെ ആഴ്‌സനല്‍ തിരിച്ചുവന്നു. എന്നാല്‍, 65-ാം മിനിറ്റില്‍ മനോഹരമായൊരു അക്രോബാറ്റിക് ഗോളിലൂടെ സുവാരസ് വീണ്ടും ബാഴ്‌സയെ മുന്നിലെത്തിച്ചു. 88-ാം മിനിറ്റില്‍ മെസ്സി പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സനലിനെതിരെ മെസ്സി നേടുന്ന ഒന്‍പതാമത്തെ ഗോളാണിത്. ഇതോടെ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന ബഹുമതി മെസ്സിക്ക് സ്വന്തമായി.
അത്‌ലറ്റിക്കോ മാഡ്രിഡ്, ബെനിഫിക്ക, മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി, റയല്‍ മാഡ്രിഡ്, വോള്‍ഫ്‌സ്ബര്‍ഗ് എന്നിവരാണ് ക്വാര്‍ട്ടറില്‍ ഇടം നേടിയ മറ്റ് ടീമുകള്‍. ഏപ്രില്‍ 5, 6 തീയതികളില്‍ ആദ്യപാദ ക്വാര്‍ട്ടറും 12, 13 തിയ്യതികളില്‍ രണ്ടാംപാദ ക്വാര്‍ട്ടറും നടക്കും. ക്വാര്‍ട്ടര്‍ഫൈല്‍ ഫിക്‌സ്ചര്‍ വെള്ളിയാഴ്ച തയ്യാറാകും.