പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കും പോര്‍ച്ചുഗീസ് ക്ലബായ ബെനിഫിക്കയ്ക്കും ജയം. ബെനിഫിക്ക സെനിത്തിനെ ഏകപക്ഷീയമായ ഒരു ഗോളിനും പി.എസ്.ജി. ഹോം മത്സരത്തില്‍ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിനുമാണ് തോല്‍പിച്ചത്.
39-ാം മിനിറ്റില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ഗോളിലാണ് പി.എസ്.ജി. ആദ്യം ലീഡ് നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഒബി മിക്കെല്‍ ചെല്‍സിയെ ഒപ്പമെത്തിച്ചെങ്കിലും 78-ാം മിനിറ്റില്‍ എഡിസണ്‍ കവാനി പി.എസ്.ജിക്ക് ജയം സമ്മാനിച്ചു. 74-ാം മിനിറ്റില്‍ ലൂക്കാസിന്റെ പകരക്കാരനായി ഇറങ്ങിയശേഷമായിരുന്നു കവാനിയുടെ വിജയഗോള്‍. ഏഞ്ചല്‍ ഡി മരിയ കൊടുത്ത സ്‌ളൈഡിങ് പാസാണ് കവാനി ഗോളിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. മാര്‍ച്ച് ഒന്‍പതിനാണ് സ്റ്റാംഫോഡ് ബ്രിഡ്ജിലെ രണ്ടാംപാദ മത്സരം.
ഇഞ്ച്വറി ടൈമില്‍ യൊനാസ് നേടിയ ഗോളിനാണ് സ്വന്തം ഗ്രൗണ്ടില്‍ ബെനിഫിക്ക സെനിത്തിനെ മറികടന്നത്. തൊണ്ണൂറാം മിനിറ്റില്‍ സെനിത്തിന്റെ ക്രിസിറ്റോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ഉടനെയായിരുന്നു ഒരു ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ യൊനാസ് വല ചലിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിനാണ് രണ്ടാംപാദ മത്സരം.