പാരിസ്: ലോകത്തിലെ മികച്ച ഫുട്ബോളർക്ക് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺദ്യോർ പുരസ്കാരത്തിന് റയല്‍ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ അർഹനായി. ഫിഫയുമായുള്ള ബന്ധം വിട്ടതിനുശേഷമുള്ള ആദ്യ ബാലൺദ്യോർ പുരസ്കാര പ്രഖ്യാപനമാണിത്.
ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൺദ്യോർ പുരസ്കാരം നേടുന്നത്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത്. അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണി ഗ്രിസ്മാനാണ് മൂന്നാം സ്ഥാനത്ത്.
അവസാന സീസണില്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോ ചാമ്പ്യന്‍പട്ടത്തിലേക്കും നയിച്ചതാണ് ക്രസ്റ്റ്യാനോ റൊണോള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രാജ്യത്തിനും ക്ലബ്ബിനുമായി 52 മത്സരങ്ങളില്‍ നിന്നായി 48 ഗോളുകളാണ് റൊണോള്‍ഡൊ 2016 ല്‍ നേടിയത്.
2008, 2013, 2014 എന്നീ വര്‍ഷങ്ങളിലാണ് റൊണോള്‍ഡൊ ഇതിനു മുമ്പ് ബാലൺദ്യോർ പുരസ്‌കാരങ്ങള്‍ നേടിയത്. ലയണല്‍ മെസ്സി അഞ്ചു തവണ ഈ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 173 മാധ്യമപ്രവര്‍ത്തകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. തനിക്ക് നാലാം തവണയും പുരസ്‌കാരം ലഭിക്കുന്നതിന് പിന്തുണച്ച റയല്‍ മാഡ്രിഡിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്രിസ്റ്റ്യാനോ നന്ദി അറിയിച്ചു. റയല്‍ മാഡ്രിഡ് സഹതാരമായ ഗരെത് ബെയ്‌ലിന് വോട്ടെടുപ്പില്‍ ആറാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ.
ഫിഫയും ഫ്രാന്‍സ് ഫുട്ബോളും തമ്മിലുള്ള കരാര്‍ ജനുവരിയില്‍ അവസാനിച്ചിരുന്നു. കരാര്‍ ഇനി പുതുക്കുന്നില്ലെന്ന വിവരം ആഗസ്റ്റ് ആദ്യ വാരം തന്നെ ഫ്രാന്‍സ് ഫുട്ബോളിനെ അറിയിച്ചിരുന്നുവെന്ന് ഫിഫ വ്യക്തമാക്കിയിടുണ്ട്. 1956ല്‍ ആരംഭിച്ച ബാലണ്‍ദ്യോർ ലോകത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനാണ് സമ്മാനിക്കുന്നത്. അതേ സമയം ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം ജനുവരിയിലാണ് പ്രഖ്യാപിക്കുക.