ഒരു കളി, 12 ഗോളുകള്‍, ഇതാണ് ഗോള്‍മഴ


2 min read
Read later
Print
Share

ഗോള്‍മഴയില്‍ കുളിച്ച മത്സരത്തില്‍ ഡോര്‍ട്മുണ്ട് ടീം നാലിനെതിരെ എട്ടു ഗോളുകള്‍ക്ക് (8-4) പോളണ്ട് ടീം ലെജിയ വാഴ്സയെ പരാജയപ്പെടുത്തി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ പിറന്ന മത്സരമാണിത്

ഡോര്‍ട്മുണ്ട്: ഒരു മത്സരത്തില്‍ 12 ഗോളുകള്‍. നാലിനെതിരെ എട്ടു ഗോളുകള്‍ക്ക് ആതിഥേയരുടെ അവിസ്മരണീയ വിജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ചരിത്രനേട്ടത്തിന് സാക്ഷിയാവാന്‍ ഭാഗ്യമുണ്ടായത് ഡോര്‍ട്മുണ്ടിലെ സിഗ്‌നല്‍ ഇഡൂന പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ 55,000 കാണികള്‍ക്കാണ്. ഗോള്‍മഴയില്‍ കുളിച്ച മത്സരത്തില്‍ ഡോര്‍ട്മുണ്ട് ടീം നാലിനെതിരെ എട്ടു ഗോളുകള്‍ക്ക് (8-4) പോളണ്ട് ടീം ലെജിയ വാഴ്സയെ പരാജയപ്പെടുത്തി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ പിറന്ന മത്സരമാണിത്.

2003-ല്‍ എ.എസ്. മൊണാക്കോ-ഡിപ്പോര്‍ട്ടീവോ ലാ കൊരൂണ(8-3) മത്സരത്തില്‍ 11 ഗോളുകള്‍ പിറന്നിരുന്നു. ഈ റെക്കോഡാണ് തിരുത്തിയെഴുതപ്പെട്ടത്. ജയത്തോടെ ഡോര്‍ട്മുണ്ട് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു.

സ്ട്രൈക്കര്‍ മാര്‍ക്കോ റൂസിന്റെ ഹാട്രിക്കും (32, 52, 90+) ഷിന്‍ജി കഗാവ(17, 18)യുടെ ഇരട്ട ഗോളുമാണ് ഡോര്‍ട്മുണ്ടിന് വമ്പന്‍ ജയം സമ്മാനിച്ചത്. നൂരി സാഹിന്‍(20), ഡെംബേലെ(29), പാസ്സ്ലാക്(81) എന്നിവരാണ് വിജയികളുടെ മറ്റു സ്‌കോറര്‍മാര്‍. ലെജിയക്കുവേണ്ടി പ്രിയോവിച്ച് ഇരട്ടഗോള്‍ (10, 24) നേടിയപ്പോള്‍ കുച്ചാര്‍സിക്(57), നിക്കോലിച്ച്(83) എന്നിവരും ഗോളടിച്ചു.

ബെന്‍സമ റയലിന്റെ രക്ഷകനായി

ലിസ്ബണ്‍: പകരക്കാരനായി ഇറങ്ങി കളി തീരുന്നതിനു മൂന്നു മിനിറ്റ് മുമ്പ് ഗോള്‍ നേടി ഫ്രഞ്ച് താരം കരീം ബെന്‍സമ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ രക്ഷകനായി. ബെന്‍സമയുടെ ഗോളില്‍ സ്പോര്‍ടിങ് ക്ലബ്ബ് ലിസ്ബണിനെ (2-1) പരാജയപ്പെടുത്തി റയല്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അപരാജിതമായ 30-ാം മത്സരമായിരുന്നു സ്പോര്‍ട്ടിങ്ങിനെതിരെ റയലിന്റേത്. തന്റെ മുന്‍ ടീമായ സ്പോര്‍ട്ടിങ്ങിനെതിരെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോളടിക്കാനും ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ക്കാനും കഴിഞ്ഞില്ല. 29-ാം മിനിറ്റില്‍ റാഫേല്‍ വറാനെയുടെ വകയായിരുന്നു റയലിന്റെ ആദ്യ ഗോള്‍. ആഡ്രിയന്‍ സില്‍വ(80)യുടെ വകയായിരുന്നു സ്പോര്‍ട്ടിങ്ങിന്റെ ഗോള്‍. 87-ാം മിനിറ്റിലായിരുന്നു ബെന്‍സമയുടെ വിജയഗോള്‍.

ക്ലബ്ബ് ബ്രുഗയെ (2-1) തോല്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍സിറ്റി ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടില്‍ കടന്നു. അതേസമയം പ്രീമിയര്‍ ലീഗ് ടീം ടോട്ടനത്തിന് തോല്‍വി പിണഞ്ഞു. മൊണാക്കോ 2-1ന് അവരെ പരാജയപ്പെടുത്തി. മറ്റു പ്രധാനകളികളില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസ് സെവിയയെ(3-1) തോല്പിച്ചപ്പോള്‍ സി.എസ്.കെ.എ. മോസ്‌കോയും ബയര്‍ ലേവര്‍ക്യൂസനും സമനിലയില്‍ പിരിഞ്ഞു (1-1). തോല്‍വിയോടെ ടോട്ടനം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന ടീമുകളുടെ എണ്ണം 10 ആയി. ആഴ്സനല്‍, അത്ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ്, ബയറണ്‍ മ്യൂണിക്, ലേവര്‍ക്യൂസന്‍, ഡോര്‍ട്മുണ്ട്, യുവന്റസ്, ലെസ്റ്റര്‍ സിറ്റി, മൊണാക്കോ, പി.എസ്.ജി എന്നിവയാണ് നോക്കൗട്ട് റൗണ്ടിലെത്തിയ ടീമുകള്‍. ടോട്ടനം, സ്പോര്‍ട്ടിങ് ലിസ്ബണ്‍, പി.എസ്.വിെേ.എന്താവന്‍, ബാസല്‍, സി.എസ്.കെ.എ. മോസ്‌കോ, ഡൈനാമോ സാഗ്രെബ്, ലെജിയ, ലുഡോഗെററ്റ്സ്, റോസ്റ്റോവ് ടീമുകള്‍ പുറത്തായി.

ഷിന്‍ജി ഒകസാക്കി, റിയാദ് മെഹ്റെസ് എന്നിവരുടെ ഗോളുകളിലാണ് ലെസ്റ്റര്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനം സ്വന്തമാക്കിയത്. ജോസെ ഇസ്‌ക്യൂര്‍ഡോയുടെ വകയായിരുന്നു ക്ലബ്ബ് ബ്രുഗയുടെ ഗോള്‍. നിര്‍ണായക മത്സരത്തില്‍ സെവിയയെയാണ് യുവന്റസ് മറികടന്നത്. നിക്കോളസ് പരേജയുടെ ഗോളില്‍ മുന്നിലെത്തിയ സെവിയയെ ക്ലൗഡിയോ മര്‍ച്ചീസിയോ, ലിയോനാര്‍ഡോ ബൊനൂച്ചി, മരിയോ മാന്‍ഡ്സൂകിച്ച് എന്നിവരുടെ ഗോളിലാണ് യുവന്റസ് മറികടന്നത്.

മറ്റു മത്സരങ്ങളില്‍ കോപ്പന്‍ഹേഗന്‍ പോര്‍ട്ടോയുമായി ഗോള്‍രഹിതസമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒളിമ്പിക് ലിയോണ്‍ ഡൈനാമോ സാക്രെബിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram