മാഡ്രിഡ്: സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍ രണ്ടുതവണ വലകുലുക്കിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലെഗാനസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്ബോളിന്റെ പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി.
മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ബാഴ്സിലോണ സെവിയ്യയെ 2-1 ന് പരാജയപ്പെടുത്തി. ബാഴ്‌സിലോണയ്ക്കായി സൂപ്പര്‍താരം ലിയോണല്‍ മെസിയും ലൂയിസ് സുവാരവാരസും ഗോള്‍ നേടിയപ്പോള്‍ സെവിയ്യക്കായി സ്‌കോര്‍ ചെയ്തത് മാഷിന്‍ വിറ്റോലോയാണ്. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് 15-ാം മിനിറ്റില്‍ സെവിയ്യയായിരുന്നു. മെസി 43-ാം മിനിറ്റില്‍ ബാഴ്‌സക്ക് സമനില നേടിക്കൊടുത്തപ്പോള്‍ 61-ാം മിനിറ്റില്‍ സുവാരസാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്.
ഗരെത് ബെയ്‌ലിയെ കൂടാതെ അല്‍വാരോ മൊറാട്ടയുടെ വകയായിരുന്നു ലെഗാനസിനെതിരെ റയലിന്റെ മൂന്നാമത്തെ ഗോള്‍. ആദ്യപകുതിയിലായിരുന്നു ബെയ് ലിന്റെ രണ്ടു ഗോളുകളും. കളി തുടങ്ങി 38-ാം മിനിറ്റില്‍ ആദ്യഗോളടിച്ച ബെയ്ല്‍ ഏഴു മിനിറ്റുകള്‍ക്കുശേഷം വീണ്ടും ലെഗാനസ് വലകുലുക്കി.76-ാം മിനിറ്റിലായിരുന്നു മൊറാട്ടയുടെ ഗോള്‍.
ലാലിഗയിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ അത് ലറ്റിക്കോ മാഡ്രിഡിനെ റയല്‍ സോസിഡാഡ് (20) അട്ടിമറിച്ചു. കാര്‍ലോസ് വെലയുടെയും (54) വില്യന്‍ ജോസുവിന്റെയും (75) വകയായിരുന്നു സോസിഡാഡിന്റെ ഗോളുകള്‍.
മറ്റു മത്സരങ്ങളില്‍ മലാഗ സ്പോര്‍ട്ടിങ് ഗിജോണിനെ (32) പരാജയപ്പെടുത്തിയപ്പോള്‍ അലാവസ് ഏകപക്ഷീയമായ ഒരു ഗോളിന് ഒസാസുനയെ തോല്പിച്ചു.
ഡി പോര്‍ട്ടിവോ ലാ കൊരൂണയും ഗ്രനാഡയും (11) സമനിലയില്‍ പിരിഞ്ഞു.
പതിനൊന്ന് മത്സരങ്ങളില്‍നിന്ന് 27 പോയന്റുമായി റയലാണ് സ്പാനിഷ് ലാലിഗയില്‍ ഒന്നാമത്. അത്ര തന്നെ മത്സരം കളിച്ച ബാഴ്സ (25) രണ്ടാമതാണ്. അത് ലറ്റിക്കോ (21) മൂന്നാമതും സെവിയ (21) നാലാമതുമാണ്.