മാഞ്ചസ്റ്റര്‍: യുഫേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടത്തില്‍ ബാഴ്‌സിലോണയെ 3-1 ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഗ്രൂപ്പ് സിയില്‍ ഇരു ടീമുകളും കഴിഞ്ഞ മാസംഏറ്റുമുട്ടിയപ്പോള്‍ ബാഴ്സ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്തിരുന്നു. ആ ദയനീയ പരാജയത്തിന് പകരം വീട്ടാന്‍ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ വച്ചു തന്നെ സിറ്റിക്ക് കഴിഞ്ഞു.
21ാം മിനിറ്റില്‍ നെയ്മര്‍ നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിച്ച് ലയണല്‍ മെസി തന്റെ 90ാം ചാമ്പ്യന്‍സ് ലീഗ് ഗോള്‍ രചിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ ആറ് മിനിറ്റ് ബാക്കി നില്‍ക്കെ സെര്‍ജി റോബര്‍ട്ടോയുടെ ഒരു ചെറിയ പിഴ മുതലാക്കി റഹീം സ്റ്റെര്‍ലിങ് നല്‍കിയ പാസ് ഗുണ്ടോഗന്‍ സിറ്റിക്കായി വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ 52ാം മിനിറ്റില്‍ ഡി ബ്രൂയിനാണ് സിറ്റിക്ക് മേല്‍ക്കൈ നേടികൊടുത്തത്. ഡേവിഡ് സില്‍വയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ബ്രൂയിന്‍ ഭദ്രമായി വലയ്ക്കുള്ളിലാക്കിയത്.മത്സരത്തിന്റെ 74ാം മിനിറ്റില്‍ ഗുണ്ടോഗന്‍ രണ്ടാംവട്ടവും ഗോള്‍ നേടിയപ്പോള്‍ സിറ്റി വിജയം ഉറപ്പിച്ചു.
പരാജയപ്പെട്ടെങ്കിലും നാലു കളികളില്‍ നിന്ന് ഒമ്പതു പോയിന്റുള്ള ബാഴ്സ തന്നെയാണ് സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. 7 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്.