മോണ്ടിവീഡിയൊ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വെയാണ് പരാജയപ്പെടുത്തിയത്.
അതേസമയം ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് വെനസ്വേലയെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൗമാര താരം ഗബ്രിയേല്‍ ജീസസും ചെല്‍സിയുടെ വില്ല്യനുമാണ് ബ്രസീലിനായി ഗോള്‍ കണ്ടെത്തിയത്. യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ നാലാം വിജയമാണ് ബ്രസീല്‍ മോണ്ടിവീഡിയോയില്‍ നേടിയത്. വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.
കോര്‍ദോബയില്‍ നടന്ന മത്സരത്തില്‍ 18ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലസ് നേടിയ ഗോളിലാണ് പരാഗ്വെ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയ്ക്ക് രണ്ട് സമനിലയും ഒരു പരാജയവുമാണുള്ളത്. പോയിന്റ് പട്ടികയില്‍ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. 15 പോയിന്റുള്ള പരാഗ്വെ അര്‍ജന്റീനക്ക് തൊട്ടുപിറകിലുണ്ട്.
മറ്റു മത്സരത്തില്‍ ചിലി പെറുവിനെ 2-1ന് പരാജയപ്പെടുത്തി. അര്‍ദുറൊ വിദാലിന്റെ ഇരട്ട ഗോളുകളാണ് ചിലിക്ക് വിജയമൊരുക്കിയത്. അതേസമയം കൊളംബിയ-ഉറുഗ്വെ മത്സരം സമനിലയില്‍ പിരിഞ്ഞു. ആബേല്‍ അഗ്യിലാറും യെറി മിനയും കൊളംബിയക്കായി വിജയം കണ്ടപ്പോള്‍ ക്രിസ്റ്റ്യൻ റോഡ്രിഗസും ലൂയി സുവാരസുമാണ് ഉറുഗ്വായുടെ ഗോളുകള്‍ നേടിയത്.
ഗോള്‍ നേട്ടത്തോടെ സുവാരസ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന ഹെര്‍നന്‍ ക്രെസ്‌പോയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ക്രെസ്‌പോയുടെയും സുവാരസിന്റെയും പേരില്‍ 19 ഗോളുകളാണുള്ളത്.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ജര്‍മനി വടക്കന്‍ അയര്‍ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ സ്ലൊവേനിയ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ജൂലിയന്‍ ഡ്രാക്‌സ്‌ലറും സാമി ഖെദീരയും നേടിയ ഗോളിലാണ് ജര്‍മനി വടക്കന്‍ അയര്‍ലന്‍ഡിനെ മറികടന്നത്. വെയന്‍ റൂണി സൈഡ് ബെഞ്ചിലിരുന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് സമനില വഴങ്ങിയത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ജര്‍മനി ഒന്നാമതാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ഇംഗ്ലണ്ടിനുള്ളത്. ഏഴ് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്താണ്.